കൂടംകുളം: ആണവ സംഭരണി നിര്‍മിക്കുന്നതിനുള്ള കാലാവധി നീട്ടി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ എവേ ഫ്രം റിയാക്റ്റര്‍ സംഭരണി നിര്‍മിക്കുന്നതിനുള്ള കാലാവധി സുപ്രിംകോടതി ദീര്‍ഘിപ്പിച്ചു നല്‍കി. ആണവ ഇന്ധനം സൂക്ഷിക്കുന്നതിനു നിലയത്തില്‍ നിന്ന് അകലെ (എവേ ഫ്രം റിയാക്റ്റര്‍-എഎഫ്ആര്‍) പുതിയ സംഭരണി രൂപീകരിക്കുന്നതിനുള്ള കാലാവധി 2022 ഏപ്രില്‍ 30 വരെയാണു ദീര്‍ഘിപ്പിച്ചത്. എന്നാല്‍ എഎഫ്ആര്‍ പൂര്‍ത്തിയാവുന്നതു വരെ ആണവനിലയം താല്‍ക്കാലികമായി അടച്ചിടണമെന്ന ആവശ്യം കോടതി തള്ളി.
2018 ജൂലൈ വരെയായിരുന്നു എഎഫ്ആര്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന് (എന്‍പിസിഐഎല്‍) നേരത്തെ സുപ്രീംകോടതി നല്‍കിയ കാലാവധി. ഇതു ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍പിസിഐഎല്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് എന്‍പിസിഐഎലിനു വേണ്ടി ഹാജരായത്. 2022നുള്ളില്‍ നിര്‍ബന്ധമായും നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഇനി സമയം കൂട്ടിനല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
എഎഫ്—ആര്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ നിലയം അടച്ചിടണമെന്നു മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ പരാതിയാണു ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ച് തള്ളിയത്.
ഈ വിഷയം സ്വതന്ത്രമായ ഹരജിയായി നല്‍കരണമെന്നും എന്‍പിസിഐഎലിന്റെ ഹരജിക്കൊപ്പം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top