കുവൈത്ത് വീണ്ടും യുഎന്‍ രക്ഷാസമിതി അധ്യക്ഷപദവിയില്‍

ന്യൂയോര്‍ക്ക്: കുവൈത്തിനു വീണ്ടും യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷപദവി ലഭിച്ചു. നാലു പതിറ്റാണ്ട് ഇടവേളയ്ക്കു ശേഷമാണ് കുവൈത്തിനു പദവി തിരികെ ലഭിക്കുന്നത്.
കുവൈത്തിന്റെ യുഎന്‍ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അയ്യാദ് അല്‍ ഉതൈബി ആയിരിക്കും ഫെബ്രുവരി യുഎന്‍ രക്ഷാസമിതിയെ നയിക്കുക. ചുമതലയേറ്റയുടന്‍ ഉതൈബി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ യുഎന്‍ രക്ഷാസമിതി യോഗത്തിലേക്ക് ക്ഷണിച്ചു. ഈ മാസം 20ന് അബ്ബാസ് സമിതിയെ അഭിസംബോധന ചെയ്യും. ഫലസ്തീന്‍ പ്രസിഡന്റിനു പറയാനുള്ളത് നേരിട്ടു കേള്‍ക്കുക എന്നത് നല്ല കാര്യമാണ്. ഈ വിഷയത്തില്‍ നേരിട്ട് ബന്ധപ്പെടുന്ന ആളാണ് അദ്ദേഹമെന്നും ഉതൈബി പറഞ്ഞു.
അറബ് മേഖലയില്‍ നിന്നുള്ള ഏക അംഗരാജ്യം എന്ന നിലയില്‍ ഫലസ്തീന്‍, ഇറാഖ്, സിറിയ, യമന്‍, ലിബിയ തുടങ്ങി മേഖലയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ചയ്‌ക്കെടുക്കാന്‍ കുവൈത്ത് മുന്‍ഗണന നല്‍കുമെന്ന് ഉതൈബി അറിയിച്ചു.
2017 ജൂണിലാണ് കുവൈത്ത് യുഎന്‍ രക്ഷാസമിതി താല്‍ക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വീഡന്‍, ബൊളീവിയ, എത്യോപ്യ, നെതര്‍ലന്‍ഡ്‌സ്, കസാഖിസ്താന്‍, ഐവറി കോസ്റ്റ്, ഇക്വിറ്റോറിയല്‍ ഗിനിയ, പോളണ്ട്, പെറു എന്നീ രാജ്യങ്ങളാണ് നിലവിലെ താല്‍ക്കാലികാംഗങ്ങള്‍.

RELATED STORIES

Share it
Top