കുവൈത്ത്: പ്രവാസികള്‍ പണമയക്കുന്നതിന് നികുതി ഈടാക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതിന് നികുതി ഈടാക്കും. പ്രവാസികള്‍ നടത്തുന്ന പണമിടപാടിനു നികുതി ചുമത്തണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലമെന്റിന്റെ ധനകാര്യ സാമ്പത്തിക സമിതി അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസാക്കിയതെന്നു സമിതി അധ്യക്ഷന്‍ സലാഹ് ഖുര്‍ഷിദ് എംപി അറിയിച്ചു.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് പുതിയ നികുതി കാര്യമായി ബാധിക്കുക. നികുതി ചുമത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം അംഗീകരിച്ചതെന്ന് കമ്മിറ്റി വക്താവ് സാലിഹ് അഷൂര്‍ പറഞ്ഞു. വരുമാനത്തിനനുസരിച്ച് മാത്രമേ നികുതി ഈടാക്കാവൂ എന്ന നിബന്ധന പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
99 ദിനാര്‍ വരെയുള്ള പണമിടപാടിന് ഒരു ശതമാനം നികുതിയാണ് ഇടാക്കുക. 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനവും 500ന് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം.
നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയ്‌ക്കെതിരേ ശിക്ഷാനടപടികള്‍ക്കും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തില്‍ കവിയാത്ത തടവും 10,000 ദിനാറില്‍ കവിയാത്ത പിഴയുമാണ് ശിക്ഷ.

RELATED STORIES

Share it
Top