കുഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വോള്‍ട്ടേജ് ഏറിയും കുറഞ്ഞുംസലീം എരവത്തൂര്‍

മാള: വൈദ്യുതി നിയമമനുസരിച്ച് സിംഗിള്‍ ഫേസ് കണക്ഷനുള്ള ഉപഭോക്താവിന് വൈദ്യുതി വകുപ്പ് നല്‍കേണ്ടത് 230 വോള്‍ട്ടേജിലുള്ള വൈദ്യുതിയാണെന്നിരിക്കേ കുഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള കൊച്ചുകടവ് പ്രദേശത്ത് ഞായറാഴ്ച ഉച്ചക്ക് മുന്‍പ് മുതല്‍ ലഭ്യമായത് 90 വോള്‍ട്ട് മുതല്‍ 438 വോള്‍ട്ട് വരെയുള്ള വൈദ്യുതി. ഇതുമൂലം മേഖലയിലെ നിരവധി വീടുകളിലെ ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആള്‍ട്ടര്‍നേറ്റീവ് കറന്റ് എന്നത് അന്വര്‍ത്ഥമാക്കും വിധത്തില്‍ ഇടവിട്ടിടവിട്ട് വോള്‍ട്ടേജ് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു. സെക്ഷന്‍ ഓഫിസിലേക്ക് വിളിച്ച് വിവരമറിയിച്ചപ്പോള്‍ ഉടനെ വന്ന് നോക്കാമെന്ന് പറഞ്ഞെങ്കിലും വരാതിരുന്നതിനാല്‍ പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് ജീവനക്കാര്‍ നോക്കാനെത്തിയത്. ഫാനും ടങ്സ്റ്റന്‍ (മുമ്പ് ഉപയോഗിച്ചിരുന്ന 40,60, 100 വാട്‌സുകളിലുള്ള ബള്‍ബ്) ബള്‍ബും ഓണാക്കിച്ച് വിവരം ചോദിച്ചറിഞ്ഞൊടുവില്‍ പറഞ്ഞത് ശരാശരി 200 വോള്‍ട്ടുണ്ടല്ലോ കുഴപ്പമില്ലെന്നാണ്. ഇതും പറഞ്ഞ് പിന്നെയും വരാമെന്ന് പറഞ്ഞ് പോയിട്ട് വൈകും വരെയും എത്തിയില്ല. ഇതിനിടയില്‍ ഉച്ചക്ക് മുമ്പ് 277 വോള്‍ട്ടേജ് വരെയാണ് മീറ്ററില്‍ കാണിച്ചതെങ്കില്‍ വൈകുന്നേരമായപ്പോള്‍ 438 വോള്‍ട്ട് വരെയായി. ഇതിനിടെ രജിസ്റ്റര്‍ ചെയ്ത പരാതി പരാതിക്കിടയായ കാര്യം പരിഹരിക്കാതെ തന്നെ ക്ലോസ് ചെയ്തതായുള്ള മെസേജ് മൊബൈലിലേക്കെത്തി. ഇതേതുടര്‍ന്ന് സെക്ഷന്‍ ഓഫിസിലേക്ക് വിളിച്ച് വിവരം പറഞ്ഞപ്പോ ള്‍ എവിടെ നിന്നാണ് വോള്‍ട്ടേജറിഞ്ഞത്, 299 വോള്‍ട്ടേജൊന്നും ഉണ്ടാവില്ലല്ലോ തുടങ്ങിയ ന്യായവാദങ്ങളാണ് മറുപടിയായി ലഭിച്ചത്.ശരാശരി 230 വോള്‍ട്ടിലുള്ള വൈദ്യുതി അല്ലെങ്കില്‍ വൈദ്യുതോപകരണങ്ങള്‍ക്ക് തകരാറുണ്ടാവാം. തീരെ കുറഞ്ഞതും വളരെയേറെ കൂടിയതുമായ വൈദ്യുതി മൂലം പ്രദേശത്തെ നിരവധി വൈദ്യുതോപകരണങ്ങളാണ് നശിച്ചത്. പല വീടുകളിലേയും സിഎഫ്എല്‍, എല്‍ഇഡി, ടങ്സ്റ്റണ്‍ ബള്‍ബുകള്‍, ഫാന്‍, മിക്‌സി, ടെലിവിഷന്‍, കംപ്യൂട്ടര്‍, ഫ്രിഡ്ജ്, എമര്‍ജന്‍സി സെറ്റുകള്‍, മൊബൈലുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍, റേഡിയോ സെറ്റുകള്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളാണ് ഉപയോഗശൂന്യമായത്. ലക്ഷക്കണക്കിന് രൂപയുടൈ നഷ്ടമാണ് ജനങ്ങള്‍ക്കുണ്ടായത്. ഈ നഷ്ടമത്രയും കെ എസ് ഇബി വഹിക്കണമെന്നാണ് ഉപഭോക്താക്കളുുടെ ആവശ്യം. കാറ്റും മഴയുമായിരുന്നതിനാ ല്‍ വീടുകളിലെ ലൈറ്റുകളെല്ലാം ഓണാക്കിയിരുന്നു. അവധി ദിവസം ആയിരുന്നതിനാല്‍ ടെലിവിഷന്‍ അടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗത്തിലായിരുന്നു. വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകള്‍ അറിയാതിരുന്നവരുടെ ഉപകരണങ്ങളാണ് കൂടുതലായും കത്തി പോയത്. ശനിയാഴ്ച വൈകീട്ട് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതുമൂലം മരങ്ങളും മറ്റും വീണ് വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഭൂരിഭാഗമിടത്തേയും തകരാര്‍ പരിഹരിച്ചു. കാറ്റിനും മഴക്കുമിടയില്‍ സംഭവിച്ചതാവാം ഈ തകരാര്‍ എന്നാണ് ജനങ്ങളിലുള്ള സംശയം. തകരാര്‍ പരിഹരിക്കാതെ പരാതി പറഞ്ഞവരെ വിഡ്ഢികളാക്കുന്ന നിലപാടാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന പരാതിയും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top