കുഴിവിള ഇരപ്പില്‍ പാലം നിര്‍മാണം പുരോഗമിക്കുന്നു

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ കുഴിവിള കാടുമാന്‍കുഴി വലിയവിള ഇരപ്പില്‍ ചിറ്റാര്‍ നദിക്ക് കുറുകെയുള്ള പാലം നിര്‍മാണം പൂരോഗമിക്കുന്നു. കിളിമാനൂര്‍ ടൗണിലെ വലിയ പ്രദേശം ഉള്‍പ്പെടുന്ന മഹാദേവേശ്വരം വാര്‍ഡില്‍ വരുന്ന പാലം പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ്. 60 ശതമാനം പണി പൂര്‍ത്തീകരിച്ചതോടെ മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വണ്ടന്നൂര്‍, കരിമ്പുവിള, കാടുമാന്‍, കുഴിവലിയവിള, ഇരപ്പില്‍, കുഴിവിള എന്നീ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് ഇതോടെ പരിഹാരമാവും. ഇവരുടെ നീണ്ടകാലത്തെ ആവശ്യമാണ് കുഴിവിള ഇരപ്പില്‍ ഭാഗത്ത് ചിറ്റാറിന് കുറുകെ ഒരു പാലം വേണമെന്നത്. മഴക്കാലമായാല്‍ കിളിമാനൂര്‍ ടൗണില്‍ നിന്ന് ഏറെ ക്ലേശം സഹിച്ചാണ് ഈ പ്രദേശത്തുകാര്‍ തിരികെയെത്തിയിരുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ ദുരിതം സഹിച്ചിക്കുന്നത്. പാലം ഇല്ലാത്തത് മൂലം പെണ്‍കുട്ടികളുടെ വിവാഹം പോലും നടക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ലോക ബാങ്കിന്റെ ധനസഹായത്തലാണ് ഗ്രാമപ്പഞ്ചായത്ത് പാലം പണി നടത്തുന്നത്. 24 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവിടുന്നത്. ചെറിയ വാഹങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന നിലയിലാണ് പാലത്തിന്റെ രൂപകല്‍പ്പന. പാലം പണി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തെ ഭൂമിയുടെ വിലയില്‍ വലിയ മാറ്റം ഉണ്ടാവുകയും വന്‍ വികസനം സാധ്യമാവുകയും ചെയ്യുമെന്ന് വാര്‍ഡ് മെംബര്‍ വി ഗോവിന്ദന്‍ പോറ്റി പറഞ്ഞു. പാലം പണി പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം ഇരു വശത്തുമുള്ള അപ്രോച്ച് റോഡുകള്‍ കൂടി കോണ്‍ക്രീറ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വണ്ടന്നൂര്‍ മുതല്‍ പാലം വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് നാട്ടുകാര്‍ ആറു മീറ്റര്‍ വീതിയില്‍ ശ്രമദാനമായി നിര്‍മിച്ചതാണ്. ഇതിനായി ഒരു ലക്ഷം രൂപ നാട്ടുകാര്‍ സമാഹരിച്ചാണ് പണി നടത്തിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ഇതില്‍ കുറെ ഭാഗം 10 ലക്ഷം രൂപ ചെലവിട്ട് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ബാക്കി ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് എംഎല്‍എ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top