കുഴിയടയ്ക്കാന്‍ 10 ലക്ഷം; പ്രതിേഷധവുമായി നാട്ടുകാര്‍

പട്ടാമ്പി: പട്ടാമ്പി-പുലാമന്തോ ള്‍ റോഡില്‍ നാലു സ്ഥലങ്ങളിലെ കുഴിയടയ്ക്കാന്‍ ചെലവിട്ടതു 10ലക്ഷം രൂപ. ഇത്രയും ഭീമമായ തുക ചെലവിട്ടു റോഡ് അറ്റകുറ്റപ്പണി നടത്തിയതെന്നത് അവിശ്വസനീയമെന്നു സോഷ്യല്‍മീഡിയ. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച 10ലക്ഷം രൂപ ചെലവിട്ടു രണ്ടാംമൈല്‍, ആമയൂര്‍ പെട്രോള്‍ പമ്പ്, കൊപ്പം കല്ലേപുള്ളി ഇറക്കം എന്നിവിടങ്ങളിലെ കുഴികള്‍ നികത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ പാതയിലൊരിടത്തും കുഴികള്‍ നികത്തിയിട്ടില്ലെന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് എന്തു ചെയ്തുവെന്നും നാട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദ്യശരങ്ങള്‍ എയ്തുവിടുകയാണ്. അധികൃതരോട് അന്വേഷണം നടത്തിയിട്ട് ഫലമില്ലാതായപ്പോള്‍ വിവരാവകാശം വഴിലഭിച്ച രേഖകള്‍ വച്ചാണു സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍.
നിലമ്പൂര്‍-ഗുരുവായൂര്‍ സംസ്ഥാന പാതയിലെ 12 കിലോ മീറ്റര്‍ ദൂരം വരട്ടുചൊറി പോലെയാണു കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മേലെ പട്ടാമ്പി മുതല്‍ പുലാമന്തോള്‍ പാലം വരെയും അപകടക്കുഴികളാണ്. പാതയിലെ കുഴിയില്‍ വീണു കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം മറിഞ്ഞിരുന്നു. ലോറിയില്‍ കൊണ്ടു പോയ മണ്ണുമാന്തിയാണു മേലെ പട്ടാമ്പിയിലെ ഭീമന്‍ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചുവീണത്.
ആമയൂര്‍ പമ്പിനു മുന്നിലെ വലിയ കുഴികള്‍ ടാറും മെറ്റലും ചേര്‍ത്ത് അടച്ചെങ്കിലും ബാക്കി മൂന്നു ഭാഗങ്ങളിലെ കുഴികള്‍ പാറപ്പൊടി ഉപയോഗിച്ചാണു നികത്തിയത്. അതുകൊണ്ട് തന്നെ ഒരാഴ്ചപോലും തികയാതെ ക്വാറിപ്പൊടിയിട്ട കൂഴികള്‍ പഴയതിനേക്കാള്‍ ദുരിതമാവുകയും ചെയ്തു.
പൊടിശല്യവും കുഴികളില്‍ വീണു വാഹന അപകടവും നിത്യസംഭവമായതോടെ ജനകീയ പ്രതിഷേധം ശക്തമായി. മഴ മാറിയാല്‍ റോഡ് അറ്റകുറ്റപ്പണിയും തുടര്‍ന്ന് ആധുനിക രീതിയില്‍ നവീകരണവുമാണു സ്ഥലം എംഎല്‍എ ഉറപ്പു നല്‍കിയത്. മഴമാറി രണ്ടാഴ്ച കഴിഞ്ഞിട്ടും റോഡ് പ്രവൃത്തി നടക്കുന്നില്ല.

RELATED STORIES

Share it
Top