കുഴല്‍പ്പണ വേട്ട; ഒരുകോടിയോളം രൂപ പിടികൂടി

ഇരിട്ടി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ഒരുകോടി രൂപയുടെ കുഴല്‍പ്പണം ഇരിട്ടി പോലിസ് പടികൂടി. എസ്‌ഐ പി സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് നടപടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ കുന്നോത്ത് സ്‌കൂളിന് സമീപമാണ് സംഭവം. തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് പണം കണ്ടെത്തിയത്. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ സീറ്റിന് സമീപത്തെ കാബിനില്‍ 2000, 500, 100 എന്നിവയുടെ കെട്ടുകളാക്കി രണ്ടു സഞ്ചികളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം.
ബസ് യാത്രക്കാരായ മലപ്പുറം കല്ലേപാടം സ്വദേശി ടി പി മുഹമ്മദ് അന്‍ഷാദ്(24), ഇരിട്ടി കാലങ്കിയിലെ കെ സി സോണിമോന്‍ (35) എന്നിവര്‍ പണം തങ്ങളുടേതാണെന്നു പറഞ്ഞു. പോലിസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബംഗളൂരുവില്‍നിന്ന് മലപ്പുറത്ത് എത്തിക്കാന്‍ രണ്ടുപേര്‍ ഏല്‍പ്പിച്ചതാണെന്ന് മൊഴിനല്‍കി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. പണം മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.

RELATED STORIES

Share it
Top