കുഴല്‍പ്പണ ഇടപാടുകള്‍ വ്യാപകം: ഒന്നും ചെയ്യാനാവാതെ അധികൃതര്‍

വാളയാര്‍: രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തുരങ്കംവയക്കുന്ന കുഴല്‍പ്പണ ഇടപാടുകള്‍ വ്യാപകമായതായി സൂചന. ഒന്നും ചെയ്യാനാവാതെ അധികൃതര്‍. കഴിഞ്ഞദിവസം പട്ടാമ്പി കൊപ്പത്തുനിന്നും 2.42 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയതുമായി ബന്ധപ്പെട്ട് പിടിയിലായ യുവാക്കളില്‍നിന്നാണ് ഞെട്ടിക്കുന്ന ഇടപാടുകളെക്കുറിച്ച് പോലിസിനു വിവരം ലഭിച്ചത്.
കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ യുവാക്കള്‍. കുഴല്‍പണ ഇടപാടുകള്‍ നടത്തുന്ന വന്‍ റാക്കറ്റ് തന്നെ ഇവര്‍ക്കു പിറകിലുണ്ട്. എന്നാല്‍ പണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നതില്‍ കവിഞ്ഞ് ഇവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസറിവില്ലെന്നാണ് സൂചന. അതേസമയം ഇപ്പോഴും കുഴല്‍പണ ഇടപാട് വ്യാപകമായി നടന്നുവരുന്നുണ്ടെന്നാണ് പോലിസിനു ലഭിക്കുന്ന വിവരം. കുഴല്‍പ്പണം ഇടപാടുസംഘങ്ങള്‍ പരസ്പരം ചോര്‍ത്തുമ്പോഴല്ലാതെ ഇത്തരം സംഘങ്ങളെ പിടികൂടാന്‍ പോലിസിനും കഴിയുന്നില്ല. കുഴല്‍പ്പണ ഇടപാടുകളെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ ഇവര്‍ പൂര്‍ണ പരാജയമാണ്.
കഴിഞ്ഞദിവസം കുലുക്കല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തുനിന്നാണ് 2.42 കോടി രൂപയുടെ കുഴല്‍പ്പണം പോലിസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലിസ് കുഴല്‍പ്പണമിടപാട് സംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 200, 500 രൂപയുടെ നോട്ടുകള്‍ രഹസ്യഅറകളില്‍ സൂക്ഷിച്ച നിലയിലാണ് പിടികൂടിയത്. കോയമ്പത്തൂരില്‍നിന്നു മലപ്പുറത്ത് വിതരണം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു പണം.
തിരൂര്‍ കല്പകഞ്ചേരി സ്വദേശികളായ മുഹമ്മദ് തസ്ലിം (26), സെയ്ത് ശിഹാബുദീന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുള്ള ആളുകള്‍ ബന്ധുക്കള്‍ക്ക് പണം എത്തിക്കുന്നതിനു കണ്ടെത്തുന്ന എളുപ്പമാര്‍ഗമാണ് കുഴല്‍പ്പണമിടപാടുകള്‍.
സര്‍ക്കാരിന് നികുതി നല്കാതെ ചുരുങ്ങിയ ചെലവില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഉത്തരവാദിത്വത്തോടുകൂടി സത്യസന്ധതയോടും കൂടി കുഴല്‍പണമിടപാടുകാര്‍ പണമെത്തിക്കും. ഇക്കാര്യത്തില്‍ ഇവര്‍ വിശ്വസ്തരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് വന്‍തോതില്‍ കുഴല്‍പ്പണം വീടുകളിലേക്ക് അയയ്ക്കുന്നത്. മേല്‍വിലാസം നോക്കി കൃത്യമായി ഇടപാടുസംഘം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനു കോളജ് വിദ്യാര്‍ഥികളെയാണ് സംഘം പ്രധാനമായും ഉപയോഗിക്കുന്നത്. പിടിക്കപ്പെടുന്ന പക്ഷം ഇവരുടെ വീടുകളില്‍നിന്നു ഭീഷണിപ്പെടുത്തി നഷ്ടപ്പെടുത്തിയ പണം ഇവര്‍ തിരിച്ചുപിടിക്കുകയും ചെയ്യും. പാലക്കാട്, മലപ്പുറം, കൊച്ചി ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പണ മാഫിയ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
കുഴല്‍പ്പണവുമായി പിടിയിലാകുന്നവരെ ചോദ്യംചെയ്താലും ഇതിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്താന്‍ പോലിസിനും വകുപ്പു കൈകാര്യം ചെയ്യുന്നവര്‍ക്കോ കഴിയുന്നില്ല. ശക്തമായ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ പിന്‍ബലവും ഈ മാഫിയാസംഘങ്ങള്‍ക്കുണ്ട്.

RELATED STORIES

Share it
Top