കുഴല്‍പ്പണക്കടത്തിനിടെ 89.5 ലക്ഷം രൂപയുമായി രണ്ടംഗ സംഘം പിടിയില്‍

മഞ്ചേരി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിതരണത്തിനെത്തിച്ച 89,50,100 രൂപയുടെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം മഞ്ചേരിയില്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം താമരശ്ശേരി നൂര്‍ മഹലില്‍ പി പി ഷാനവാസ്(44), കൊടുവള്ളി എളേറ്റില്‍ കണ്ണിട്ടമാക്കല്‍ തോന്നിക്കണ്ടി ടി കെ മുഹമ്മദ് മസ്ഹൂദ്(19) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ വഴി കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന പണവുമായി സംഘത്തെ പയ്യനാട് വാഹനപരിശോധനയ്ക്കിടെയാണു പോലിസ് പിടികൂടിയത്.
സംഘം സഞ്ചരിച്ച കാറിന്റെ ബോണറ്റിനടിയില്‍ എട്ട് പാക്കറ്റുകളിലും ഒരു കവറിലുമായിട്ടായിരുന്നു പണം. 2000, 500, 100രൂപ കറന്‍സികളാണു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്നത്. കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ഹവാല മാഫിയയിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായതെന്നു മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു എന്നിവര്‍ പറഞ്ഞു. പ്രതികളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹവാല സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ വാഹനപരിശോധന. എസ്‌ഐ റിയാസ് ചാക്കീരി, എഎസ്‌ഐമാരായ സുരേഷ്, പ്രദാപ്കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ വിജയന്‍, സുരേഷ്ബാബു, വനിത സിവില്‍ പോലിസ് ഓഫിസര്‍ അംബികാ കുമാരി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.


RELATED STORIES

Share it
Top