കുഴല്‍ക്കിണര്‍ നിര്‍മാണത്തിനെതിരേ പരിസരവാസികള്‍ രംഗത്ത്‌

വടകര: നഗരസഭ 25ാം വാര്‍ഡിലെ ഗ്രിഫി ഷോപ്പിങ്ങ് കോംപ്ലക്‌സിന് പിന്‍ഭാഗത്തായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ സിറ്റി ഹൈറ്റ്‌സ് എന്ന ഫഌറ്റ് സമുച്ചയത്തിനായി കുഴല്‍ക്കിണര്‍ നിര്‍മാണത്തിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി. ഇവിടെ നിര്‍മിക്കുന്ന കുഴല്‍ കിണര്‍ അനധികൃതമാണെന്നും ആയതിനാല്‍ ഉടമസ്ഥരോട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
ഭൂഗര്‍ഭജല വകുപ്പില്‍ നിന്നോ, നഗരസഭയില്‍ നിന്നോ അനുമതി വാങ്ങാതെയാണ് ഫഌറ്റ് അധികൃതര്‍ കുഴല്‍ കിണര്‍ നിര്‍മാണം ആരംഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 11 നിലകളുള്ള ഫഌറ്റ് സമുച്ചയത്തില്‍ 39 ലേറെ വീടുകളുണ്ട്. നിലവില്‍ വിസ്താരമേറിയ തുറന്ന കിണറും, ജല അതോറിറ്റിയുടെ കണക്ഷനുകളും, കുഴല്‍ക്കിണറും ഫഌറ്റിന്റെ ഉപയോഗത്തിനായുണ്ട്. ഇവയില്‍ നിന്നെല്ലാമുള്ള അധികരിച്ച തോതിലുള്ള ജല ഉപഭോഗം കാരണം പ്രദേശത്തെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായിരിക്കുകയാണ്.
മാത്രമല്ല ഫഌറ്റിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും മലിന ജലം തൊട്ടടുത്ത കിണറ്റിലേക്ക് ഒഴുകി കിണര്‍ മലിനമാക്കപ്പെട്ട് ഉപയോഗ ശൂന്യമായതായും നാട്ടുകാര്‍ പറഞ്ഞു. ഭൂമി കുഴിച്ച് പാര്‍ക്കിംഗ് ഉണ്ടാക്കി അതിനും താഴെയാണ് സെപ്റ്റിക് ടാങ്ക് കുഴിച്ചിരിക്കുന്നത്. അത് തൊട്ടടുത്ത കിണറുകള്‍ക്ക് അടുത്താണ്.
അതിനാല്‍ തന്നെ കിണറുകളിലേക്ക് മാലിന്യം പടരാന്‍ സാധ്യതയേറെയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വര്‍ഷങ്ങളായി ഈ പ്രദേശത്ത് സ്ഥിരതാമസക്കാരായ പ്രദേശവാസികള്‍ക്ക് കിണറുകളില്‍ നിന്ന് വേനല്‍കാലത്തും ആവശ്യമായ വെള്ളം ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഫഌറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വെള്ളം വറ്റാന്‍ തുടങ്ങിയെന്നും അതിനാല്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് അനുമതി അധികൃതര്‍ നിഷേധിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ ഒപ്പുവച്ച പരാതി നഗരസഭ സെക്രട്ടറി, പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top