കുള്ളന്‍ തെങ്ങിന് പ്രിയമേറുന്നു; വ്യാപന പ്രവര്‍ത്തനങ്ങളുമായി തച്ചമ്പാറ പഞ്ചായത്ത്

തച്ചമ്പാറ: ഏറ്റവും ഗുണമേന്മയുള്ള കുള്ളന്‍ തെങ്ങിന്റെ വ്യാപനത്തിന് തച്ചമ്പാറ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തുന്ന ശ്രമം ശ്രദ്ധേയമാകുന്നു. കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രിയം കുള്ളന്‍തെങ്ങിനോടാണ്.
മൂന്നാം വര്‍ഷം മുതല്‍ കായ തുടങ്ങുകയും കൂടുതല്‍ വിളവ് ലഭിക്കുകയും ചെയ്യുന്നതും അധികം ഉയരം വെക്കാത്തതിനാല്‍ തേങ്ങയിടാന്‍ ആളെ അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലായെന്നതും ഇതിനെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന കുള്ളന്‍ തെങ്ങുകളെല്ലാം കരിക്കിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വിളവെടുപ്പ് നടത്തുമ്പോഴാണ് ഇക്കാര്യം പലരും അറിയുക. ഇതിന് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം (സിപിസിആര്‍ഐ) വികസിപ്പിച്ചെടുത്ത ഇളനീരിനും കൊപ്രക്കും പറ്റിയ ഇനമാണ് കേര സങ്കര. മൂന്നാം വര്‍ഷം കായ തുടങ്ങുന്ന ഇതിന് കൂടുതല്‍ തേങ്ങ  ലഭിക്കും.
നന്നായി പരിചരിച്ചാല്‍ വര്‍ഷത്തില്‍ മുന്നൂറ് തേങ്ങ വരെ ലഭിക്കും. സാധാരണ കുള്ളന്‍ തെങ്ങിനേക്കാളും അല്‍പം ഉയരുന്ന ഇത് മുപ്പത്തിയഞ്ചു വര്‍ഷംകൊണ്ട് നൂറു വര്‍ഷത്തെ ഫലം നല്കും.
മുന്‍കൂട്ടി അപേക്ഷ നല്കിയാല്‍ ലഭ്യതയ്ക്കനുസരിച്ചാണ് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും തൈകള്‍ ലഭിക്കുക. തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂതണ പദ്ധതിയില്‍ ഇത്തവണ 75 ശതമാനം സബ്‌സിഡിയില്‍ കേര സങ്കരയാണ്  വിതരണം ചെയ്യുന്നത്. പഞ്ചായത്തില്‍ കേര സങ്കരയുടെ വ്യാപനത്തിനായി രണ്ടായിരം തൈകള്‍ കൊണ്ട് വന്നിട്ടുണ്ട്. ഇതിനു പുറമെ കൃഷി ഭവന്റെ മാതൃകാ പ്രദര്‍ശന തോട്ടമായി മുതുകുറുശി മാര്‍ഗശ്ശേരി വിജയന്‍, ഇന്ദിരാ ദേവി എന്നിവരുടെ ഒരോ ഏക്കറിലും, മാട്ടം അനില്‍കുമാറിന്റെ അര ഏക്കര്‍ സ്ഥലത്തും കേര സങ്കര തൈകള്‍ വെച്ച് പിടിപ്പിച്ചിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ അപേക്ഷ നല്കിയവര്‍ക്കുള്ള കുള്ളന്‍ തെങ്ങിന്‍ തൈകളുടെ വിതരണം തിങ്കളാഴ്ച കാലത്ത് പതിനൊന്ന് ഞാറ്റുവേല ചന്തയില്‍ വെച്ച് മണ്ണാര്‍ക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷരീഫ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top