കുളിര്‍മാവിന്‍കൊമ്പ് വെട്ടിയതിന്റെ പേരില്‍ ആദിവാസി കുടുംബത്തിന്റെ ഭൂമി ജപ്തി ചെയ്തതായി പരാതി

മാനന്തവാടി: റോഡ് നിര്‍മാണത്തിനായി കുളിര്‍ മാവിന്‍ കൊമ്പ് വെട്ടിയതിന്റെ പേരില്‍ ആദിവാസി കുടുംബത്തിന്റെ 10 സെന്റ് സ്ഥലം റവന്യു വകുപ്പ് ജപ്തി ചെയ്തതായി പരാതി. തവിഞ്ഞാല്‍ പഞ്ചായത്ത് തലപ്പുഴ മക്കിമലയിലെ പീടികകുന്ന് ഗോവിന്ദന്റെ സ്ഥലമാണ് റവന്യൂ വകുപ്പ് ജപ്തി ചെയ്തത്. ജപ്തി നടപടിക്ക് പുറമെ ബാക്കിയുള്ള സ്ഥലത്തിനും നികുതി സ്വീകരിക്കാതായതോടെ സര്‍ക്കാര്‍ സഹായമടക്കം നിഷേധിക്കപ്പെട്ട് കഴിയുകയാണ് ഗോവിന്ദനും കുടുംബവും. 1997ല്‍ പീടികകുന്ന് കോളനിയിലേക്ക് റോഡ് ഉണ്ടാകുന്നതിനായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കുളിര്‍മാവിന്റെ കൊമ്പ് ഗോവിന്ദന്‍ വെട്ടിമാറ്റിയിരുന്നു.
എന്നാല്‍ 2013 ലാണ് മരം മുറിച്ചുമാറ്റി എന്ന് കാണിച്ച് ഗോവിന്ദന് തുക അടക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയത്. അത്  കാര്യമായി എടുക്കാത്ത ഗോവിന്ദന് 2017 മാര്‍ച്ച് 25 ന് വീണ്ടും റവന്യൂ വകുപ്പ് ഒരു നോട്ടീസ് കൂടി നല്‍കി.
മരം മുറിച്ച വകയില്‍ 29081 രൂപ സര്‍ക്കാരിലേക്ക് അടക്കണമെന്നും അല്ലാത്തപക്ഷം 10 സെന്റ് സ്ഥലം ജപ്തി ചെയ്യുമെന്നും കാണിച്ചാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. നിത്യവൃത്തിക്ക് കൂലി പണി എടുത്ത് കഴിയുന്ന ഗോവിന്ദനാവട്ടെ തുക അടക്കാന്‍ കഴിഞ്ഞതുമില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം വില്ലേജ് അധികൃതര്‍ ഗോവിന്ദന്റെ വീട്ടിലെത്തി ജപ്തി ചെയ്ത് സ്ഥലം അളന്ന് തിരികുകയും ചെയ്തു. ഗോവിന്ദന് ആകെ 50 സെന്റ് സ്ഥലമാണ് ഉള്ളത്.
ജപ്തി ചെയ്തതിന്റെ ബാക്കി സ്ഥലത്തിന് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവുന്നുമില്ല. നികുതി സ്വീകരിക്കാതായതോടെ സര്‍ക്കാരിന്റെ സഹായങ്ങളൊന്നും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഗോവിന്ദനും കുടുംബവും.

RELATED STORIES

Share it
Top