കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചു

ചെന്നൈ: 2016 സപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ അമ്മ ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചിരുന്നതായി തോഴി ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച 55 പേജ് വരുന്ന സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ആംബുലന്‍സില്‍ വച്ച് ബോധം വീണ്ടെടുത്ത ജയലളിത എങ്ങോട്ടാണു കൊണ്ടുപോവുന്നതെന്ന് ആരാഞ്ഞതായും ശശികല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.
ശുചിമുറിയില്‍ വീണ ജയലളിത തന്നെ സഹായത്തിനു വിളിച്ചു. എന്നാല്‍ ആശുപത്രിയില്‍ പോവാനോ, വൈദ്യസഹായം തേടാനോ ജയലളിത കൂട്ടാക്കിയില്ല. എന്നാല്‍ താന്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും വൈദ്യസഹായം തേടുകയുമായിരുന്നു. പനിയും നിര്‍ജലീകരണവും മൂലമായിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ കഴിയവെ പകര്‍ത്തിയ ജയലളിതയുടെ നാലു വീഡിയോകളും കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ പകര്‍ത്തിയതു ജയലളിതയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ശശികല വെളിപ്പെടുത്തി.
കൂടാതെ മുതിര്‍ന്ന ഐഐഎഡിഎംകെ നേതാക്കളായ ഒ പന്നീര്‍ ശെല്‍വവും എം തമ്പിദുൈരയും ആരോഗ്യമന്ത്രി വി വിജയ് ഭാസ്‌കറിനൊപ്പം ജയലളിതയെ നിരവധി തവണ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായും ശശികല മൊഴി നല്‍കി.
മൂന്നുമാസത്തെ ആശുപത്രി വാസത്തിനിടെ ജയലളിതയെ കാണാന്‍ ശശികല ആരെയും അനുവദിച്ചിരുന്നില്ലെന്ന പന്നീര്‍ശെല്‍വത്തിന്റെ വാദം ഖണ്ഡിക്കുന്നതാണിത്. ശശികലയുടെ ബന്ധു കൂടിയായ ഡോ. കെഎസ് ശിവകുമാര്‍ ആണ് ജയലളിതയെ ചികില്‍സിച്ചത്. 2014ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ സുപ്രിംകോടതി വിധിയില്‍ ജയലളിത അസ്വസ്ഥയായിരുന്നുവെന്നും സമ്മര്‍ദം ആരോഗ്യത്തെ ബാധിച്ചിരുന്നുവെന്നും ശശികല മൊഴി നല്‍കി.
സപ്തംബര്‍ ആദ്യവാരത്തില്‍ തന്നെ പ്രമേഹം കൊണ്ട് ജയലളിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.

RELATED STORIES

Share it
Top