കുളത്തില്‍ നിന്നും കോരിയ ചളി കനാലില്‍ തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു

വടകര: വടകര ജൂബിലിക്കുളം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കോരിയ ചളി നടക്കുതാഴെ ചോറോട് കനാലില്‍ കൊണ്ടു പോയി തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നടക്കുതാഴെ ചോറോട് കനാലില്‍ കൂട്ടൂലിപാലത്തിന് സമീപമാണ് മാലിന്യമടങ്ങിയ ചളി കൊണ്ടു പോയി തള്ളിയത്.
ലോറിയില്‍ കൊണ്ടു വന്ന ചളി ജെസിബി ഉപയോഗിച്ച് കനാലിലേക്ക് കോരിയിടുകയായിരുന്നു.  മൂന്ന് ലോഡ് ചളി കനാലില്‍ തള്ളിഞ്ഞപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി ചെളിയുമായെത്തിയ വാഹനം തടയുകയായിരുന്നു.
വര്‍ഷങ്ങളായി കരയിടിഞ്ഞും മാലിന്യം നിക്ഷേപം പേറിയും നശിക്കുകയാണ് നടക്കുതാഴെ ചോറോട് കനാല്‍. ഇതേ തുടര്‍ന്ന് ജനകീയ അടിസ്ഥാനത്തില്‍ കനാല്‍ വൃത്തിയാക്കുന്നതിനുളള നടപടികള്‍ പല ഭാഗങ്ങളിലായി പുരോഗമിച്ചു വരികയാണ്. ഇതിനിടെയാണ് ജൂബിലിക്കുളത്തില്‍ നിന്നുള്ള ചളി നടക്കുതാഴെ കനാലില്‍ കൊണ്ടിട്ടത്.
ജൂബിലിക്കുളം ശുചീകരണ പ്രവൃത്തി ഏതാനും ദിവസം മുമ്പാണ് ആരംഭിച്ചത്. കുളത്തില്‍ നിന്ന് കോരിയ ചെളി റോഡിനു വശത്ത് കൂട്ടിയിടുന്നതായും പരാതിയുണ്ട്. അതേസമയം ചരിത്ര പ്രധാനമായ ജൂബിലിക്കുളം നവീകരിച്ച് ജല സ്രോതസ്സായി സംരക്ഷിക്കാനുള്ള നീക്കത്തിന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.

RELATED STORIES

Share it
Top