കുളക്കാട് മാല മോഷണം: പ്രധാനപ്രതി പിടിയില്‍

ചെര്‍പ്പുളശ്ശേരി: അടയ്ക്കാ പുത്തൂര്‍ കുളക്കാട് വച്ച് കാറിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘത്തിലെ പ്രധാന പ്രതിയും ചെര്‍പ്പുളശ്ശേരി പോലിസിന്റെ പിടിയിലായി. കുമരനെല്ലൂര്‍ പട്ടിത്തറ കളത്തില്‍ വളപ്പില്‍ മുഹമ്മദ് നവാസ് എന്ന നിയാസാണ് (31) പിടിയിലായത്. സംഘത്തിലുണ്ടായിരുന്നവരും സഹായികളും ഉള്‍പ്പടെ ഏഴുപേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുളക്കാട് ക്ഷീരസംഘത്തില്‍ പാല്‍ കൊടുത്ത് മടങ്ങുകയായിരുന്ന 55 കാരിയായ മീനാക്ഷി അമ്മയുടെ സ്വര്‍ണമാലയാണ് കാറിലെത്തിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിര്‍ത്തി ഇവരെ അടിച്ചുവീഴ്ത്തി കവര്‍ന്നത്. മുഹമ്മദ് നവാസാണ് മാല പൊട്ടിച്ചതും മീനാക്ഷിയമ്മയെ അടിച്ചതും. പ്രതിയെ ഇവര്‍ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. പട്ടാമ്പി, കോങ്ങാട് പോലിസ് സ്‌റ്റേഷനുകളിലും ഇയാളുടെ പേരില്‍ മാല മോഷണക്കേസുകള്‍ ഉണ്ട്. മുമ്പ് ഒരു തവണ മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മലമ്പുഴ സ്‌നേക്ക് പാര്‍ക്കില്‍ നിന്നും ഇരുതലമൂരി ഇനത്തില്‍പ്പെട്ട പാമ്പിനെ മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പാമ്പിന് കോടികള്‍ ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദേശ പ്രകാരം ചെര്‍പ്പുളശ്ശേരി സിഐ മനോഹരന്‍, എസ്‌ഐമാരായ രാജേഷ്, റോജ് ജോര്‍ജ്, എഎസ്‌ഐ താഹിര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് നവാസിനെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top