കുളം ശുചീകരണത്തിന്റെ മറവില്‍ കളിമണ്ണ് കടത്ത്; നാട്ടുകാര്‍ തടഞ്ഞുകൊല്ലങ്കോട്: തണ്ണീര്‍തട സംരക്ഷണത്തിന്റെ പേരില്‍ കുളങ്ങള്‍ വൃത്തിയാക്കി ആഴം കൂട്ടി വെള്ളം സംഭരിക്കുന്നതിനായി സ്വകാര്യ വ്യക്തി നടത്തുന്ന കുളത്തിലെ മണ്ണ്് ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതിനെ നാട്ടുകാര്‍ തടഞ്ഞു.  ചിങ്ങംചിറ പ്രകൃതി ക്ഷേത്രത്തിന്റെ  ഉടമസ്ഥതയിലുള്ള കുളത്തില്‍ നിന്നാണ് രണ്ട് വര്‍ഷം മുമ്പ് ശുചീകരണം നടത്തിയ കുളം വീണ്ടും ആഴം കൂട്ടുന്ന പ്രവര്‍ത്തനം നടത്തി അയല്‍ ജില്ലകളിലേക്ക് വ്യാപകമായി കളിമണ്ണ് കടത്തുന്നത്. തണ്ണീര്‍ത്തട നിര്‍മാണം നടക്കുമ്പോള്‍ എടുക്കുന്ന മണ്ണ് കുളത്തിന്റെ വശങ്ങളില്‍ ഇട്ട് ബലപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ബാക്കി വരുന്ന മണ്ണ് പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാതെ തൃശ്ശൂരിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് വില്‍പ്പന നടത്തുന്നതായും ആരോപണം ഉണ്ട്. ഇതിനായി സര്‍ക്കാറിലേക്ക് നിശ്ചിത തുക അടച്ചതായും പറയുന്നു. അനുമതി നല്‍കിയതാകട്ടെ ജില്ലാ കലക്ടറും ജിയോളജി വകുപ്പ്, താഹ്‌സില്‍ദാര്‍, റവന്യൂ വകുപ്പ് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളിലെ മലയോര പ്രദേശം ദുര്‍ബല പരിസ്ഥിതിലോല പ്രദേശമാണെന്നും ഇവിടെ മണ്ണ് ഖനനം നടത്തരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറര്‍ മലയോര പ്രദേശങ്ങളില്‍ പരിശോധന നടത്തി ഇഷ്ടിക നിര്‍മാണം നിര്‍ത്താലാക്കുകയും ഇഷ്ടിക കണ്ടു കെട്ടു കയും ചെയ്ത പ്രദേശത്താണ് ഒന്നര മീറ്റര്‍ താഴ്ച്ചയില്‍ മണ്ണു ഖനനത്തിനെ ജിയോളജി അനുമതി നല്‍കി സര്‍ക്കാരിലേക്ക് നിശ്ചിത തുക അടച്ച് ഈ മാസം അവസാനം വരെ കളിമണ്ണ് കടത്താന്‍ ഉത്തരവ് നേടിയിരിക്കുന്നത്. ഒരു വശത്ത് ജില്ലാ ഭരണകൂടം മണ്ണ് മാഫിയകളെ തടയുകയും മറുവശത്ത് മണ്ണ് മാഫിയകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.പരിസ്ഥിതി ദുര്‍ബല പ്രദേശം സംരക്ഷിക്കണമെന്ന് പറയുമ്പോഴും തശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്  കളിമണ്ണ് കയറ്റി അയക്കുന്ന സമീപനത്തിനെതിരെ നാട്ടുകാര്‍ മണ്ണ് കയറ്റിയ ലോറിയെ തടഞ്ഞു. സംഭവസ്ഥലത്ത് പോലീസ് എത്തിയതോടെ നാട്ടുകാര്‍ പിരിഞ്ഞു പോയി മണ്ണ് കടത്തുന്ന ഉടമസ്ഥര്‍ തല്ക്കാലം മണ്ണ് എടുക്കുന്നില്ല എന്ന നിലപാടിലുമായി.

RELATED STORIES

Share it
Top