കുളം നിര്‍മാണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍

ഏഴംകുളം: ജലസംരക്ഷണത്തിന് കുളം നിര്‍മ്മാണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. ഏഴംകുളം  ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ജലസംരക്ഷണത്തിനായി കുളം നിര്‍മ്മിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. പഞ്ചായത്തിലെ മുന്നാം വാര്‍ഡില്‍ തേപ്പുപാറ റ്റിന്‍സി നിലയത്തില്‍ ഏലിയാമ്മയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ആദ്യകുളം നിര്‍മ്മിച്ച് തുടങ്ങിയിട്ടുള്ളത്. 20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും മുന്നു മീറ്റര്‍ താഴ്ചയിലുമുള്ള കുളമാണ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തിയിട്ടുള്ളത്. 24 തൊഴിലാളികളാണ് കഴിഞ്ഞ 26 ദിവസമായി കുളം നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ളത്. ഇതില്‍ 20 പേരും സ്ത്രീകളാണ്. തൊഴിലാളികളില്‍ ഭൂരിഭാഗംപേരും 60 വയസ്സ് കഴിഞ്ഞവരാണ്. എല്ലാ ശാരീരിക അവശതകളും മറന്നുകൊണ്ടാണ് ഇവര്‍ ജോലി ചെയ്യുന്നത്. 2.44 ലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നിര്‍മ്മാണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. കയര്‍ ഭൂവസ്ത്രം വിരിച്ച് വശങ്ങള്‍ ബലപ്പെടുത്തുന്നതോടെയാണ് നിര്‍മ്മണ പ്രവര്‍ത്തികള്‍ അവസാനിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കുളങ്ങളില്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മത്സ്യം വളര്‍ത്തുന്നതിനാവശ്യമായ സഹായങ്ങള്‍ വീട്ടുടമക്ക് ഒരുക്കിക്കൊടുക്കും. പരമ്പരാഗത ശൈലിയില്‍ നിന്നും ഉള്ള പ്രവര്‍ത്തികള്‍ ഒഴുവാക്കി ആസ്തി സൃഷ്ടിക്കുന്ന പ്രവര്‍ത്തികള്‍ മാത്രമേ ഏറ്റെടുക്കാവു എന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തൊഴില്‍ ദിനങ്ങള്‍ ഏറെ കുറച്ചിരുന്നു. എന്നാല്‍ കുളം നിര്‍മ്മാണം പോലെയുള്ള പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതോടൊ തൊഴില്‍ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഇത്തരത്തില്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ കുളങ്ങള്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ഭരണസമിതി. പഞ്ചായത്തില്‍ നിലവിലുള്ള കുളങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കാട് കയറി ചെളി നിറഞ്ഞ് കിടക്കുന്ന അറുകാലിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള പൊതുകുളം നവീകരിക്കുന്ന പ്രവര്‍ത്തിയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ചു. കയര്‍ ഭൂവസ്ത്രം വിരിച്ച് കുളത്തിന്റെ വശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തിയും ഇതോടൊപ്പം ചെയ്യും. 2017- 18 സാമ്പത്തിക വര്‍ഷം 3.34  കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ജില്ലയില്‍ ഒന്നാമത് എത്തുവാന്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും ജലസംരക്ഷണ പ്രവര്‍ത്തികളായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഒരു കുടുംബത്തിന് നല്‍കുന്ന തൊഴില്‍ദിനം 100 ല്‍ നിന്ന് 150 ആയി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. പഞ്ചായത്തിലെ 16 കുടുംബങ്ങള്‍ 150 തൊഴില്‍ദിനം പൂര്‍ത്തീകരിച്ചു. 200 അധികം തൊഴിലാളികള്‍ 100 ദിനം പിന്നിട്ടു. രണ്ടായിരത്തിലധികം തൊഴിലാളികളാണ് തൊഴിലുറപ്പ് മേഖലയില്‍ ജോലി ചെയ്യുന്നത്.

RELATED STORIES

Share it
Top