കുല്‍ഭൂഷന്റെ ഭാര്യയുടെ ഷൂ പരിശോധനയ്ക്കയച്ചതായി പാകിസ്താന്‍

ഇസ്്‌ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യയുടെ ഷൂസിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പാകിസ്താന്‍. ഷൂസുകള്‍  ഊരിവാങ്ങിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും വിദേശകാര്യ ഓഫിസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കുല്‍ഭൂഷന്റെ ഭാര്യക്കും മാതാവിനും പാക് അധികൃതരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് പാക് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്്.
കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് അപ്പോള്‍തന്നെ പറയാമായിരുന്നു. ഇനിയും ഈ വിഷയത്തില്‍ വാക്‌പോര് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഫൈസല്‍ പറഞ്ഞു.

RELATED STORIES

Share it
Top