കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു,ഭയപ്പെടുത്തി: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷന്റെ മാതാവിന്റെയും ഭാര്യയുടെയും താലി ഊരിമാറ്റി. വസ്ത്രം വരെ നിര്‍ബന്ധിച്ച് മാറ്റിച്ചു. നെറ്റിയിലെ സിന്ദൂരം പോലും മായ്ച്ച്കളഞ്ഞു. വിധവകളെപ്പോലെ കുല്‍ഭൂഷനുമുന്നില്‍ ഇവരെ ഇരുത്തുക എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യമെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു.


കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പില്‍ ചിപ്പുണ്ടായിരുന്നുവെന്നാണ് പാകിസ്താന്‍ വാദിക്കുന്നത്. ഇത് പച്ചകള്ളമാണ്. ദുബൈയിലേക്കും അവിടെ നിന്നും പാകിസ്താനിലേക്കും വിമാനത്തിലാണ് കുടുംബം യാത്ര ചെയ്തത്. നിരവധി സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ ഇവരുടെ പക്കല്‍ ഇത്തരത്തില്‍ ചിപ്പുണ്ടായിരുന്നെങ്കില്‍ വിമാനത്താവളങ്ങളില്‍ അലാറം മുഴങ്ങുമായിരുന്നില്ലേയെന്നും സുഷമ ചോദിച്ചു. കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ മനുഷ്യത്വം കാണിച്ചില്ല. ഭയാനകമായ അന്തരീക്ഷം മനപൂര്‍വ്വം പാകിസ്താന്‍ സൃഷ്ടിച്ചു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും സുഷമ പറഞ്ഞു.
ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാകിസ്താനില്‍വച്ച് ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

RELATED STORIES

Share it
Top