കുലവാട്ടവും കുമിള്‍ രോഗവും: കര്‍ഷകര്‍ ദുരിതത്തില്‍

മാള: കുലവാട്ടവും കുമിള്‍ രോഗവും നിമിത്തം കര്‍ഷകര്‍ ദുരിതത്തില്‍. അന്നമനട ഗ്രാമപഞ്ചായത്തിലെ കുമ്പിടി, എടയാറ്റൂര്‍, മേലഡൂര്‍ എന്നിവിടങ്ങളിലെ 50 ഏക്കറോളം വരുന്ന നെല്‍കൃഷിയാണ് പതിരായി മാറി നശിച്ചിരിക്കുന്നത്. വിതയത്തില്‍ ബൈജു, ബാലകൃഷ്ണന്‍ എന്നിവരുടെയും ഒരുമ പുരുഷ സഹായ സംഘത്തിന്റെയും കൊടിയന്‍ ഷാജു, ചക്കാലക്കല്‍ ഷാജി, അറയ്ക്കല്‍ ജോണ്‍സണ്‍, ടോമി പാറയ്ക്കന്‍, ലിസി നാലുകണ്ടന്‍ എന്നിവര്‍ ചെയ്തിട്ടുള്ള കൃഷിയാണ് നശിച്ചത്. വലിയ പ്രതീക്ഷയോടെ ഇറക്കിയ കൃഷി നശിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. പാട്ടത്തിനെടുത്തും കടം വാങ്ങിയുമാണ് മിക്കവരും കൃഷിയിറക്കിയിരിക്കുന്നത്. കൃഷി നശിച്ചതോടെ വലിയ കടക്കെണിയിലേക്കാണ് ഇവര്‍ എത്തിയിരിക്കുന്നത്.
ഓരോ ഏക്കറിനും 10000 ല്‍പ്പരം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ഇവരുടെ അദ്ധ്യാനവും പാഴായ അവസ്ഥയിലാണ്. ഉമ, ജയ ഇനങ്ങളില്‍ പെട്ട നെല്ലാണ് ഇവരില്‍ പലരും ഇറക്കിയിരുന്നത്. കൊയ്‌തെടുത്താല്‍ പതിരല്ലാതെ ഒന്നും കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മുഴുവനും തീയിട്ട് നശിപ്പിക്കാനാണ് വിദഗ്ദരുടെ അഭിപ്രായം. നെല്ലിന് ഇത്തരം രോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തുടക്കത്തിലേ തന്നെ നാറ്റിവോ എന്ന കുമിള്‍നാശിനി പോയിന്റ് നാലുഗ്രാം ഒരുലിറ്റര്‍ വെള്ളത്തിനെന്ന കണക്കില്‍ ചേര്‍ത്തടിച്ചാല്‍ രോഗത്തിന് ശമനമുണ്ടാകുമെന്നാണ് അന്നമനട കൃഷി ഓഫീസര്‍ ജോബി പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്‍ കെ ജോഷി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top