കുറ്റിയാടി ഡാം കനാല്‍ തുറന്നുവിട്ടു

പേരാമ്പ്ര: ഇടതു, വലതുകര കനാലിന്റെ ശുചീകരണ പ്രവൃത്തിയും തകര്‍ന്ന ഭാഗവും പൂര്‍ത്തികരിക്കാതെപെരുവണ്ണാമൂഴിയിലെ കുറ്റിയാടി ജലസേചന പദ്ധതി ഡാമിന്റെ പ്രധാന കനാല്‍ ഇന്നലെ രാവിലെ തുറന്നു വിട്ടു. എക്‌സി.എഞ്ചിനീയര്‍ കെ രാമചന്ദ്രനാണു ജലവിതരണത്തിനായി ഷട്ടര്‍ തുറന്നത്. കനാല്‍ പെരുവണ്ണാമൂഴി അക്വഡറ്റിനു സമീപം കരിങ്കല്‍ ഭിത്തി തകര്‍ന്നിരുന്നു. നവീകരണത്തിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ അതത് പഞ്ചായത്തുകള്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നത് പൂര്‍ത്തിയായിട്ടുമില്ല. ഇതിനിടെയാണ് ഡാം തുറന്നു വിട്ടത്.
ഇക്കുറിജലവിതരണം കാര്യക്ഷമമായി നടത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്നു എക്‌സി.എഞ്ചിനീയര്‍ പറയുന്നുണ്ടെങ്കിലും എത്രമാത്രം ഫലപ്രദമാവുമെന്നതിതില്‍ ആശങ്കയുണ്ട്. ജില്ലാ കലക്ടറുടെ പൂര്‍ണ നേതൃത്വവും സഹകരണവും കാര്യക്ഷമമാക്കുന്നതിന് ലഭിച്ചിട്ടുണ്ട്. കനാലില്‍ ഏറ്റവും കൂടുതല്‍ മണ്ണടിഞ്ഞ ഭാഗത്തു നിന്നു നീക്കാന്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ൃത്തി നടത്തിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണു പൊതുവായി വകയിരുത്തിയത്. മുളിയങ്ങല്‍, അഞ്ചാം പീടിക, കോട്ടൂര്‍, മൊകേരി ഭാഗങ്ങളിലാണ് പ്രധാന പ്രവൃത്തി നടന്നത്. മുന്‍ കൊല്ലങ്ങളില്‍ ഗുരുതര ചോര്‍ച്ചയും കേടുപാടുകളും കണ്ട കനാല്‍ ഭാഗങ്ങള്‍ എണ്‍പതു ശതമാനം നന്നാക്കിയിട്ടുണ്ട്. ഇരുപത് ശതമാനം പ്രവൃത്തികള്‍ ബാക്കിയുണ്ട്.
പൂര്‍ത്തിയായതിനായി 165 ലക്ഷം രൂപയാണു ചെലവഴിച്ചത്.  ആദ്യം വടകരക്കുള്ള വലതുകര കനാലാണു തുറന്നത്. മരുതോങ്കരഭാഗത്തെ നെല്‍കര്‍ഷകരുടെ അപേക്ഷ പ്രകാരം കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തോത് കുറച്ചാണു വെള്ളം വിട്ടിരിക്കുന്നത്. വലതുകര കനാല്‍ ജലവിതരണം സജീവമായാല്‍ കൊയിലാണ്ടി ഭാഗത്തേക്കുള്ള ഇടതുകര കനാല്‍ തുറക്കും.
ഡാമില്‍ നിന്നു കുറ്റിയാപ്പുഴയിലേക്കും സ്പില്‍വേ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. വടകര ഗുളികപ്പുഴയില്‍ ഉപ്പുവെള്ളം നിയന്ത്രിക്കുന്നതിനാണിത്. കനാലില്‍ വെള്ളമെത്തിയാല്‍ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം മുന്‍കാലങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. കനാലിലെ കുളിയും അനുവദിനീയമല്ല. ജലസേചനത്തിനു മാത്രമല്ല കുടിവെള്ളവുമാണിത്.
കനാല്‍ കടന്നുപോകുന്ന കിണറുകളില്‍ ജലവിതാനം ഉയരും. മാലിന്യ നിക്ഷേപത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. കുറ്റിയാടി ജലസേചന പദ്ധതിക്കു വേണ്ടി ജീവാര്‍പ്പണം നടത്തിയവരെ സ്മരിച്ചു സ്തൂപത്തില്‍ മെഴുകുതിരി കത്തിച്ചു പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണു കനാല്‍ തുറക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.

RELATED STORIES

Share it
Top