കുറ്റിയാടി ഗവ. ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കുറ്റിയാടി: സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുറ്റിയാടി ഗവ. ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി ഏഴു കോടി മുപ്പത് ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കുന്ന രീതിയിലുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.1974ല്‍ പി എം ബാവാച്ചി ഹാജി സൗജന്യമായി നല്‍കിയ രണ്ട്  ഏക്കറിലധികം വരുന്ന മൊതാക്കര എന്ന സ്ഥലത്താണു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 37 ഡിവിഷനുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 12 ഡിവിഷനുകളുമാണുള്ളത്. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.  മതിയായ ക്ലാസ് മുറികളും ഡിവിഷനുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഏറെക്കാലം സമരരംഗത്തായിരുന്നു. ഇതേതുടര്‍ന്നാണു സ്‌കൂള്‍ വികസനത്തിനു മതിയായ ഫണ്ട് അനുവദിക്കാനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും അധികൃതര്‍ തയ്യാറായത്. പദ്ധതി നടപ്പിലാക്കാനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് വൈകീട്ട് മൂന്നിനു  സ്‌കൂളില്‍ വിപുലമായ ജനകീയ കണ്‍വന്‍ഷന്‍ നടക്കുമെന്ന് പ്രധാനാധ്യാപകന്‍ എ എം കുര്യന്‍, കെ പി അബ്ദുല്‍ റസാഖ്, കേളോത്ത് റഷീദ്, അന്‍വര്‍ കുറ്റിയാടി, എന്‍ കെ ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top