കുറ്റിയാടി എംഎല്‍എയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം നിരുത്തരവാദപരം: പി മോഹനന്‍

കോഴിക്കോട്: കുറ്റിയാടി എംഎല്‍എയെ ശാരീരികമായി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന യുഡിഎഫ് ജില്ലാകമ്മറ്റിയുടെ ആരോപണം അങ്ങേയറ്റം നിരുത്തരവാദപരവും രാഷ്ട്രീയ ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. വടകര താലൂക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാലു പഞ്ചായത്തുകളിലുണ്ടായിരുന്ന  ആര്‍എംപി ഇപ്പോള്‍ രണ്ട് പഞ്ചായത്തിലായി ചുരുങ്ങുകയും ധാരാളം പേര്‍ ഇപ്പോഴും പാര്‍ട്ടി വിട്ട് സിപിഎമ്മിലും മറ്റും ചേരുകയും ചെയ്യുന്നു.
ഇതു കാരണം പഴയതു പോലെ ആര്‍എംപിയെ കരുവാക്കി ഒഞ്ചിയം മേഖല—യില്‍ സംഘര്‍ഷം പടര്‍ത്തുകയെന്ന യുഡിഎഫ്-ബിജെപി അജണ്ട നടക്കുന്നില്ല.  കൊല്ലപ്പെട്ടവരുടെ സമുദായം നോക്കി വികാരം ഇളക്കി വിടാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നത് ലീഗാണ്.  സിപിഎം പ്രതിരോധം മാത്രമാണ് നടത്തുന്നത്.
യുഡിഎഫിന്റെയും ബിജെപിയുടെയും ആവശ്യമാണ് സംഘര്‍ഷം. എന്നാല്‍  ക്രിമിനല്‍ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയിലുണ്ടോ എന്ന് പരിശോധന നടത്തും. ആവശ്യമെന്ന്്് തോന്നിയാല്‍ ബോധവല്‍ക്കരണവും നടത്തും. കോവൂരിലടക്കം എവിടെയും സിപിഎം കൊടികുത്തി സമരം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top