കുറ്റിയാടിയില്‍ ഡെങ്കിപ്പനി പടരുന്നു

കുറ്റിയാടി: നിയോജക മണ്ഡലത്തില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനകം 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമെ 5 വീതം പേര്‍ക്ക് മലേറിയ, എലിപ്പനി എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പാറക്കല്‍ അബ്ദുല്ല എംഎല്‍യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഡിസ് ഈജിപ്തികൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. സാധാരണയായി ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വീടിനു ചുറ്റും പറമ്പിലും മറ്റും കൂട്ടിയിട്ടതും വലിച്ചെറിഞ്ഞതും മഴവെള്ളം നിറഞ്ഞു നില്‍ക്കുന്നതുമായ ചിരട്ടകള്‍, ഐസ്‌ക്രീം കപ്പുകള്‍, പഴയ മണ്‍പാത്രങ്ങള്‍, പ്ലാസ്റ്റിക്ക് കവറുകള്‍ എന്നിവയില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിടുന്നതായി കണ്ടുവരുന്നു. കിണര്‍ ജലം, കുളം, പുഴ എന്നിവിടങ്ങളില്‍ കൊതുകുകള്‍ മുട്ടയിടാറില്ല. മുട്ടയിട്ടു വിരിയുന്ന ലാര്‍വകള്‍ ജലോപരിതലത്തിനു മുകളില്‍ വന്നാണ് ശ്വാസോശ്വാസ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് ജലത്തിനടിയിലേക്ക് പോകും. വലിയ ജലാശയത്തില്‍ ലാര്‍വകള്‍ക്ക് ഇത്തരത്തില്‍ ശ്വാസോച്ഛാസം നടത്താനും ജലത്തിനടിയിലേക്ക് പിന്‍മടങ്ങാനും സാധിക്കാത്തതിനാല്‍ ഇവയ്ക്ക് ജീവിക്കാനാവില്ല. പ്രായപൂര്‍ത്തിയായ കൊതുക് ഒരു തവണ 150 ലധികം മുട്ടകളാണ് ഇടുക.മുട്ടയിട്ടു തുടങ്ങിയാല്‍ 2 ദിവസം കൂടുമ്പോള്‍ മുട്ടയിടും. ഡെങ്കിപ്പനിയുടെ രോഗാണുക്കള്‍ കൊതുകിന്റെ ഉമിനീരിലാണ് അടങ്ങിയിരിക്കുന്നത്. രോഗവാഹകരായ കൊതുക് മുട്ടയിട്ട് വിരിയുന്ന മുഴുവന്‍ ലാര്‍വയിലും രോഗാണുക്കള്‍ ഉണ്ടാകും. 4 സൈറോ ടൈപ്പ് വൈറസുകളാണ് രോഗ ഹേതു. ഒരിക്കല്‍ രോഗം വന്ന് ഭേദമായ ഒരാള്‍ക്ക്  വീണ്ടും രോഗം ബാധിച്ചാല്‍ അത് മാരകമാകാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നത്. യോഗ തീരുമാനപ്രകാരം പഞ്ചായത്ത്, വാര്‍ഡ്തലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പഞ്ചായത്ത് സെക്രട്ടറിമാര്‍ ഗരിമ പദ്ധതിയുടെ അധികാരങ്ങള്‍ പ്രയോഗിക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ സജിത്ത് (കുന്നുമ്മല്‍ ), തിരുവള്ളൂര്‍ മുരളി (തോടന്നൂര്‍), കെ പി കുഞ്ഞമ്മത് കുട്ടി, അഡ്വ.പ്രമോദ് കക്കട്ടില്‍, കെ ടി അബ്ദുല്‍ റഹ്മാന്‍, വടയം കണ്ടി നാരായണന്‍, സി വി കുഞ്ഞിരാമന്‍, എം എം രാധാകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top