കുറ്റിയാടിയിലെ കുട്ടികളുടെ പാര്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി

കുറ്റിയാടി: നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നു കൊടുക്കാതെ കിടന്ന കുറ്റിയാടിയിലെ കുട്ടികളുടെ പാര്‍ക്ക് തുറക്കാനുള്ള നടപടി തുടങ്ങി. കാട്ടുചെടികളും വള്ളി പടര്‍പ്പകളും വളര്‍ന്ന് നശിച്ച ചെമ്മണ്‍പാത കാടുകള്‍ വെട്ടിമാറ്റി ശുചീകരിച്ചു. ഇപ്പോള്‍ ചെമ്മണ്‍പാതയിലെ കുണ്ടും കുഴിയും മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കാനുള്ള പ്രവര്‍ത്തിയാണ് നടക്കുന്നത്.തുടര്‍ന്ന് പാര്‍ക്ക് നവീകരിക്കാനുള്ള പ്രവൃത്തി തുടങ്ങും.
മൂന്ന് പതിറ്റാണ്ട് മുമ്പ് കെ പി കുഞ്ഞമ്മത് കുട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നിര്‍മിക്കപ്പെട്ട മിനി സ്റ്റേഡിയമാണ് പാര്‍ക്കായി ഉയര്‍ത്തിയത്. പുഴയരികില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഡിയം മഴക്കാലം തുടങ്ങിയാല്‍ ചെളിവെള്ളവും പാറക്കല്ലുകളും ഒഴുകിയെത്തി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാവും. ഇതേ തുടര്‍ന്നാണ്  കെ പി ചന്ദ്രിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 15 വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥലം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയുയര്‍ത്തി മണ്ണിട്ടു നികത്തി കുട്ടികളുടെ പാര്‍ക്കാക്കി മാറ്റിയത്.
ഇതോടൊപ്പം ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും സ്ഥാപിക്കുകയും ചെയ്തു.തുടര്‍ന്ന് അധികാരത്തില്‍ വന്ന കെ കെ നഫീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് പാര്‍ക്ക് മോടികൂട്ടുകയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
തുറന്ന് കൊടുക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. 5 വര്‍ഷത്തിലധികം അനാഥമായി കിടന്ന പാര്‍ക്ക് കാട്ടുചെടികളും വള്ളി പടര്‍പ്പുകളും വളര്‍ന്ന് നശിക്കാന്‍ തുടങ്ങി. മേഖല സാമൂഹ്യ ദ്രോഹികളും മദ്യപാനികളും കയ്യടയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നിലവിലുള്ള സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പാര്‍ക്ക് സംരക്ഷിക്കാന്‍ മുന്‍ഗണന നല്‍കിയത്.

RELATED STORIES

Share it
Top