കുറ്റിപ്പുറം: സ്‌ഫോടക വസ്തുക്കള്‍ പുല്‍ഗാവിലെ ആയുധശാലയിലേത്

പൊന്നാനി: കുറ്റിപ്പുറത്ത് കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രസ്‌ഫോടനശേഷിയുള്ള കുഴിബോംബുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയിലേതെന്ന് ഇന്റലിജന്‍സ്. 2001ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂര്‍ പട്ടാള ബോംബ് നിര്‍മാണശാലയില്‍ നിന്നും പുല്‍ഗാവ് ആയുധ വിതരണകേന്ദ്രത്തിനു കൈമാറിയ സ്‌ഫോടകവസ്തുക്കളാണ് ഇവയെന്ന് കണ്ടെത്തി. അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യസുരക്ഷയെപ്പറ്റി ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഒരു സംഘം കേരളത്തിലും മറ്റു രണ്ടു സംഘങ്ങള്‍ ഇന്ത്യയിലുടനീളവും അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തെക്കുറിച്ച് സൈനിക ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ക്ലെമോര്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട കുഴിബോംബുകളാണ് കുറ്റിപ്പുറത്തു കണ്ടെത്തിയത്. കണ്ടെടുത്ത വെടിയുണ്ടകള്‍ ഇപ്പോഴും ഉപയോഗയോഗ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സൈനിക ക്യാംപില്‍ നിന്ന് പുറത്തെത്തിച്ച ഇവ ഉപേക്ഷിച്ചതാവാമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.
സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്തശേഷം കൂടുതല്‍ അന്വേഷണം നടത്താനാണ് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലയാണ് പുല്‍ഗാവിലേത്. കഴിഞ്ഞവര്‍ഷം മെയ് 31ന് ഇവിടെ നടന്ന സ്‌ഫോടനത്തില്‍ സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനു താഴെ ഇന്നലെ വ്യാപക തിരച്ചില്‍ നടത്തി. സൈനിക വാഹനങ്ങള്‍ ചതുപ്പുനിലങ്ങളില്‍ താഴ്ന്നുപോവാതിരിക്കാന്‍ ചക്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കുന്ന ഇരുമ്പ് ചാനലുകള്‍ അഞ്ചെണ്ണം തിരച്ചിലില്‍ കണ്ടെടുത്തു.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണു കഴിഞ്ഞദിവസം ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചത്. പാലത്തിന്റെ നാലാം തൂണിനും അഞ്ചാം തൂണിനും ഇടയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്നായിരുന്നു ചാക്കിലും തുണിസഞ്ചിയിലും പൊതിഞ്ഞ നിലയില്‍ ആയുധശേഖരം കണ്ടെടുത്തത്.

RELATED STORIES

Share it
Top