കുറ്റിപ്പുറം പാലത്തിന് താഴെ പുഴയില്‍ നിന്ന് മൈനുകള്‍ കണ്ടെടുത്തു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ പുഴയില്‍നിന്ന് അഞ്ച് മൈനുകള്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് പുഴയിലിറങ്ങിയ വളാഞ്ചേരി സ്വദേശിയായ യുവാവ്് മൈനുകളും അതിനടുത്തായി പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബാഗും കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി മൈനുകള്‍  നിര്‍വീര്യമാക്കി മലപ്പുറം എആര്‍ ക്യാംപിലേക്കു മാറ്റി. ബോംബ് പരിശോധന നടത്തുന്ന വിദഗ്ധ സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. വിദ്യാര്‍ഥികളുടെ ജ്യോമട്രി ബോക്‌സിന്റെ ആകൃതിയിലുള്ളതായിരുന്നു കണ്ടെടുത്ത മൈനു കള്‍. പോലിസ് ഐജി അജിത്കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കൃഷ്ണദാസ്, തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ശശിധരന്‍, പൊന്നാനി സിഐ സണ്ണി ചാക്കോ, കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കര്‍, വളാഞ്ചേരി സിഐ എന്നിവര്‍ സ്ഥലത്തു ക്യാംപ് ചെയ്ത് പ്രാഥമികാന്വേഷണം ആരംഭിച്ചു. മൈനുകള്‍ ആദ്യം കണ്ടതായിപോലിസില്‍ വിവരമറിയിച്ചയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവിക്ക് അന്വേഷണ ചുമതല കൈമാറിയതായാണ് അറിയുന്നത്.

RELATED STORIES

Share it
Top