കുറ്റാലം കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

കൊല്ലം:കേരള സര്‍ക്കാരിന്റെ കീഴിലുള്ള കുറ്റാലം കൊട്ടാരം വക വസ്തുക്കള്‍ വ്യാജരേഖവഴി കൊട്ടാരം സൂപ്രണ്ട് സ്വന്തമാക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തേവര്‍ കുടുംബം. കൊട്ടാരം സൂപ്രണ്ട് സ്ഥാനത്തു നിന്നു കുടുംബാഗമായ പ്രഭു ദാമോദരനെ സസ്‌പെന്‍ഡ് ചെയ്തതിന് ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങള്‍ കെട്ടിച്ചമച്ചതാണ്. കൊട്ടാരത്തിന്റെ ഭൂമി അന്യാധീനപ്പെട്ടു പോയിട്ടില്ല. കേരള സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും കൊട്ടാരത്തിന്റെ അവകാശിയെന്നും പ്രഭു ദാമോദരന്റെ സഹോദരന്‍ ഗണേഷ് ദാമോദരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2007 മുതല്‍ 2015വരെ കൊട്ടാരം സൂപ്രണ്ടായി നിയമിതനായ പ്രഭു ദാമോദരന്‍ 200 കോടിയുടെ കൊട്ടാരവസ്തുക്കള്‍ കൈയ്യേറി വന്‍മരങ്ങളുള്‍പ്പടെ വിറ്റുവെന്ന ആക്ഷേം അടിസ്ഥാന രഹിതമാണെന്ന് കൊട്ടാരത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് കുറ്റാലം ടൗണ്‍ പഞ്ചായത്ത് വ്യക്തമായ രേഖ തന്നിട്ടുണ്ട്. കൊട്ടാരത്തിന്റെ 54 ഏക്കര്‍ സ്ഥലവും ആരും കയ്യേറിയിട്ടില്ല. ചുറ്റുമതിലുള്ള വസ്തുവാണിത്. ഇവിടെയുള്ള 11 കെട്ടിടങ്ങളുടേയും കെട്ടിട നികുതി ഇപ്പോഴും കേരള സര്‍ക്കാര്‍ തന്നെയാണ് അടയ്ക്കുന്നത്. ഇതു കൈമാറിയെന്നുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഓരോ വര്‍ഷം നടത്തുന്ന ലേലത്തിലൂടെയാണ് ഇവിടെ കൃഷി സംബന്ധമായി സ്ഥലം നല്‍കുന്നത്. കുറ്റാലം കൊട്ടാരത്തിലേക്കു വെള്ളം കൊണ്ടു വരുന്ന പൈപ്പ് പൊട്ടിച്ചു കളഞ്ഞുവെന്നു പറയുന്നതും വസ്തുതാ വിരുദ്ധമാണ്. കുറ്റാലം പഞ്ചായത്ത് ഇങ്ങനെ ഒരു പൈപ്പ് കണക്ഷന് അനുമതി നല്‍കിയിട്ടില്ല. കുറ്റാലം കൊട്ടാര ഭൂമിയിലെ മരങ്ങള്‍ക്കു പുനലൂര്‍ പിഡബ്ല്യുഡി സബ്ഡിവിഷനില്‍ കണക്കുള്ളതാണ്. പ്രഭു ദാമോദരന്‍ സൂപ്രണ്ടായി ചുമതലയേറ്റ ശേഷം ഇതു വരെ ഈ കണക്കുകള്‍ പൊതുമരാമത്തു വകുപ്പ് നല്‍കിയിട്ടില്ല. ഫെബ്രുവരി മുതല്‍ പ്രഭു ദാമോദരനു ചുമതലകള്‍ ഒന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണു ഭരണം. ഇതിനെതിരേ പ്രഭു നല്‍കിയ പ രാതി തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നടന്നു വരികയാണ്. ഈ കേസ് തള്ളിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും തിങ്കളാഴ്ച കേസ് വീണ്ടും വിളിക്കുന്നുണ്ടെന്നും ഗണേഷ് ദാമോദരന്‍ പറഞ്ഞു. കൊട്ടാരത്തില്‍ തേവര്‍കുടുംബത്തിന് യാതൊരു അവകാശവാദവും ഇല്ല. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കൊട്ടാരത്തില്‍ എത്തിയ സൂപ്രണ്ടിങ് എന്‍ജിനീയരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ താന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നത് കെട്ടുകഥയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായെങ്കില്‍ നാളിതുവരെ എന്തുകൊണ്ട് തനിയ്‌ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചില്ല. യാഥാര്‍ഥ്യം വളച്ചൊടിച്ച് തേവര്‍കുടുംബത്തെ അപമാനിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top