കുറ്റാരോപിതരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം

കുമ്പള: കൊടിയമ്മ ഗവ. യുപി സ്‌കൂളില്‍ നിന്ന് അരി കാണാതായ സംഭവത്തില്‍ ഉത്തരവാദികളെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഉച്ചക്കഞ്ഞിയില്‍ പുഴുകണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തിയ വേളയില്‍ സ്‌കൂള്‍ ഗോഡൗണില്‍ അധികമായി കണ്ടെത്തിയ അഞ്ഞൂറു കിലോ അരിയാണ് കാണാതായത്. ഉച്ചക്കഞ്ഞിയില്‍ പുഴു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രധാനാധ്യാപകന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന അധ്യാപകന്റെ വീഴ്ചയാണ് അരി സ്‌റ്റോക്ക് വരാനുണ്ടായ കാരണമെന്ന് കണ്ടെത്തിയിരുന്നു. പിടിഎ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു എത്തിയത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവം ബോധ്യമാവുകയും ചെയ്തു. അന്ന് പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്ന ആള്‍ സ്ഥലം മാറ്റം വാങ്ങി പോയെങ്കിലും ഇപ്പോഴും പഴയ ആള്‍ തന്നെയാണ് ഇവിടെ പാചകം ചെയ്തു വരുന്നത്. അരി കാണാതായ വിഷയത്തില്‍ പതിനേഴായിരം രൂപ സര്‍ക്കാറിലേക്ക് അടക്കുന്നതിന് പ്രധാനീധ്യാപകന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിനിടയില്‍ ഡിഡിഇയുടെ നിര്‍ദ്ദേശാനുസരണം എഇഒ ഓഫിസില്‍ നിന്ന്് നൂണ്‍ ഫീഡിങ് ഓഫിസര്‍  സ്‌കൂള്‍ സന്ദര്‍ശിച്ച് അരി വിതരണം നടന്നുവെന്ന് കുട്ടികളില്‍ നിന്നും നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിയതായും ആരോപണമുണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ ഓഡിറ്റ് കാര്യക്ഷമമല്ലാത്തത് കൊണ്ട് പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് പിടിഎ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top