കുറ്റാരോപിതന് തന്നെ അന്വേഷണം ചുമതലപ്പെടുത്തി ഉത്തരവ്

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പാഴ് വസ്തുക്കള്‍ ലേലം ചെയ്തതിലെ ക്രമക്കേട് അന്വേഷിക്കാന്‍ കുറ്റാരോപിതനെത്തന്നെ ചുമതലപ്പെടുത്തി പ്രിന്‍സിപ്പല്‍ ഉത്തരവിട്ടു. ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പ് പൈപ്പുകള്‍, പിച്ചള ടാപ്പ്, അലുമിനിയം തുടങ്ങി പാഴ് വസ്തുക്കള്‍ ലേലം ചെയ്തതില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ജനുവരി 18 ന് 12ന് നടന്ന ലേല നോട്ടീസ് 17 നാണ് സൂപ്രണ്ട് ഒപ്പിട്ട് ഇറക്കിയിരുന്നത്. രണ്ടുപേര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. വില നിശ്ചയിക്കാന്‍ ബാധ്യതപ്പെട്ട പൊതുമരാമത്ത് വിഭാഗത്തെ അറിയിക്കാതെ സെക്യൂരിറ്റി ഓഫിസറാണ് വില നിശ്ചയിച്ച് ലേലം നടത്തി സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവാനനുവദിച്ചത്. രണ്ട് ലോഡ് സാധനങ്ങളാണ് കൊണ്ടുപേയത്. തുടര്‍ന്ന് ലേലത്തില്‍ കിട്ടിയ തുക ട്രഷറിയില്‍ അടയ്ക്കുന്നതിന് പകരം വികസന സമിതിയുടെ അക്കൗണ്ടില്‍ അടക്കുകയായിരുന്നു. ഇതിനിടെ ലേലം ചെയ്ത് സാധനങ്ങള്‍ കൊണ്ടുപോയതിന് സാക്ഷിയായ ആളെ സെക്യൂരിറ്റി ഓഫിസര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാര്‍, സെക്യൂരിറ്റി ഓഫിസര്‍ എന്നിവര്‍ക്കെതിരേ വ്യാപകമായ പരാതിയുയര്‍ന്നു. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസയ്ന്‍ വിജിലന്‍സിന് പരാതി നല്‍കി. ആര്‍എംഒ ഡോ.ഗണേഷ് മോഹനന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ ലേല പ്രക്രിയയിലെ പ്രധാന പങ്കാളിയായ സെക്യൂരിറ്റി ഓഫിസര്‍ ഉള്‍പ്പെടെ മൂന്നുപേരെ ചുമതലപ്പെടുത്തി അന്വേഷണത്തിന് ഉത്തരവിട്ടത്.  ഇതോടെ അന്വേഷണം പ്രഹസനമാകുമെന്നതില്‍ സംശയിക്കാനില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.

RELATED STORIES

Share it
Top