കുറ്റവാളിക്ക് പാര്‍ട്ടി നേതാവാകാന്‍ എങ്ങനെ കഴിയും: സുപ്രിംകോടതി

ന്യൂഡല്‍ഹി: കുറ്റവാളിയും അഴിമതിക്കാരനുമായ വ്യക്തി രാഷ്ട്രീയപ്പാര്‍ട്ടികളുടെ മേധാവിയാവുന്നതിനു പിന്നിലെ യുക്തിയെ ചോദ്യം ചെയ്തു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അത്തരം വീഴ്ചകള്‍ തിരഞ്ഞെടുപ്പു പ്രക്രിയയുടെ പരിശുദ്ധിക്കേല്‍ക്കുന്ന കനത്ത ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ഇത്തരം കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ ആരൊക്കെ തന്റെ പാര്‍ട്ടി ബാനറില്‍ മല്‍സരിക്കണമെന്നു തീരുമാനിക്കാന്‍ അധികാരം ലഭിക്കുന്നത് ജനാധിപത്യ വീക്ഷണത്തില്‍ അങ്ങേയറ്റം ജുഗുപ്‌സാവഹമാണെന്നും മൂന്നംഗ ബെഞ്ചിന്റെ മേധാവിയായ മിശ്ര നിരീക്ഷിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജനങ്ങള്‍ക്ക് ആര്‍ക്ക് വോട്ട് ചെയ്യണമെന്നു കുറ്റവാളി തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുന്നതാണ്. ഒരു കുറ്റവാളിക്ക് എങ്ങനെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാരവാഹിയാവാനാവും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുമാവും. രാഷ്ട്രീയത്തിലെ അഴിമതി തിരഞ്ഞെടുപ്പിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്നും സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് മിശ്ര വാക്കാല്‍ വ്യക്തമാക്കി. വിഷയത്തില്‍ മറുപടി നല്‍കുന്നതിന് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വ്യക്തമാക്കി.

RELATED STORIES

Share it
Top