കുറ്റവാളികളെ തൂക്കിലേറ്റൂ, അല്ലെങ്കില്‍ തങ്ങളെ വെടിവച്ചുകൊല്ലൂ: കഠ്‌വ പെണ്‍കുട്ടിയുടെ മാതാവ്

കഠ്‌വ: കഠ്‌വ ബലാല്‍സംഗക്കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നില്ലെങ്കില്‍ തങ്ങളെ വെടിവച്ചുകൊല്ലൂ എന്ന് കൊല്ലപ്പെട്ട ബാലികയുടെ മാതാവ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ ആവശ്യമുയര്‍ത്തിയത്. നീതി ലഭിക്കുന്നില്ലെങ്കില്‍ തങ്ങള്‍ നാലു പേരെയും വെടിവച്ചുകൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവരെ വെറുതെ വിട്ടാല്‍ ഞങ്ങളെ അവര്‍ കൊല്ലും. നാല് ഗ്രാമങ്ങളിലെ ആളുകള്‍ ഞങ്ങള്‍ക്കു പിന്നാലെയുണ്ട്. ഞങ്ങള്‍ നാലു പേരേയുള്ളൂ.
വീടും സ്വത്തുക്കളും ഉള്‍പ്പെടെ തങ്ങള്‍ക്ക് എല്ലാം നഷ്ടമായതായും അവര്‍ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി തങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്.
എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം തുടരണമെന്നാണ് തങ്ങളുടെ നിലപാട്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘപരിവാരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
തങ്ങള്‍ പരാതിപ്പെട്ട ദിവസം തന്നെ പോലിസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മകളെ രക്ഷിക്കാമായിരുന്നുവെന്ന് മാതാവ് വിലപിക്കുന്നു. എന്നാല്‍, അവര്‍ ഏഴു ദിവസം കാത്തുനിന്നു. പിടിക്കപ്പെട്ടവര്‍ ആരും നിരപരാധികളല്ല. കുഞ്ഞിന്റെ മുത്തച്ഛനെ പോലെയാണ് താനെന്നാണ് സഞ്ജിറാം സുപ്രിംകോടതിയില്‍ പറഞ്ഞത്. യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്- മാതാവ് ചൂണ്ടിക്കാട്ടി. ആരും നിഷ്‌കളങ്കരല്ലെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും അവര്‍ ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top