കുറ്റക്കാരായ പോലിസുകാര്‍ക്ക് ശുദ്ധിപത്രം

കണ്ണൂര്‍: ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ആഹ്വാനം ചെയ്ത് സിപിഎം അനുകൂലികളായ പോലിസുകാരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ പോസ്റ്റ് ഇട്ടവര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ ശുദ്ധിപത്രം. ഭീഷണിയായല്ല, തമാശയായാണ് കണ്ണൂര്‍ എആര്‍ ക്യാംപിലെ പോലിസുകാര്‍ പോസ്റ്റുകള്‍ ഇട്ടതെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപോര്‍ട്ട് അദ്ദേഹം ജില്ലാ പോലിസ് മേധാവിക്ക് കൈമാറി.
ശുഹൈബ് വധക്കേസിലെ പോലിസ് പരിശോധനാ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ടെന്ന ആരോപണം സിപിഎം മുഖപത്രം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അനുകൂല പോലിസുകാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പായ ഡ്യൂട്ടി ഫ്രണ്ട്‌സില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി ഉയര്‍ത്തിയതും. റിപോര്‍ട്ടര്‍ ചാനലിലെ സീനിയര്‍ റിപോര്‍ട്ടര്‍ ടി വിനീത, ഭര്‍ത്താവും പേരാവൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറുമായ സുമേഷ് എന്നിവര്‍ക്കെതിരേയും ഭീഷണിയുണ്ടായി.
ഇതിനെതിരേ വിനീത ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് കുറ്റക്കാരെ സംരക്ഷിക്കുന്ന വിധം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വിശദീകരണം. വാട്ട്‌സ്ആപ്പിലെ പരാമര്‍ശങ്ങള്‍ ലേഖികയെയും കുടുംബത്തെയും ഉദ്ദേശിച്ചുള്ളതല്ലെന്നു ഡിവൈഎസ്പി പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതോടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നേരത്തേ അപ്രത്യക്ഷമായിരുന്നു.

RELATED STORIES

Share it
Top