കുറ്റക്കാരായ പോലിസുകാരെ പിരിച്ചുവിട്ടേക്കും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിക്കു നീക്കം. ഗാന്ധിനഗര്‍ എസ്‌ഐ ഷിബു, എഎസ്‌ഐ ടി എം ബിജു, പോലിസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിലയിലാണ് ഐജി വിജയ് സാഖറെയുടെ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. എഎസ്‌ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും.
കെവിന്റെ തിരോധാനം എസ്‌ഐ എം എസ് ഷിബു 14 മണിക്കൂര്‍ മറച്ചുവച്ചതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. മെയ് 27 ഞായറാഴ്ച രാവിലെ ആറിന് കെവിനെ മാന്നാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സംഭവം കീഴുദ്യോഗസ്ഥര്‍ വൈകിയാണ് അറിയിച്ചതെന്ന് കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖ് ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കടുത്ത നടപടി വരുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് ഞായറാഴ്ച രാവിലെ ഭാര്യ നീനുവും കെവിന്റെ അച്ഛന്‍ ജോസഫും ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി എസ്‌ഐ എം എസ് ഷിബു അവഗണിച്ചതായി തുടക്കം മുതല്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം പരാതിയുടെ കാര്യം നോക്കാമെന്നായിരുന്നു എസ്‌ഐയുടെ മറുപടി. കെവിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ വീഴ്ചയുടെ പേരില്‍ എസ്‌ഐ ഷിബുവിനെയും എഎസ്‌ഐ സണ്ണിമോനെയും സസ്‌പെന്‍ഡ് ചെയ്യുകയും എസ്പിയെ സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍, എസ്‌ഐക്കെതിരേ തുടര്‍നടപടിയൊന്നും ഉണ്ടായില്ല.
തുടര്‍ന്ന് എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പട്രോളിങിനിടെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

RELATED STORIES

Share it
Top