കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം: എസ്ഡിപിഐ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ഇതുവരെ ആരംഭിക്കാത്തതിലെ ദുരൂഹത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. ആറുമാസം മുമ്പാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ശ്രീജീവിനെ മര്‍ദിച്ചു കൊന്ന പാറശ്ശാല പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തിവരുന്ന ശ്രീജീവിന്റെ ജ്യേഷ്ഠന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മെയ് 19ന് പാറശാല പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ ലോക്കപ്പിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നു വ്യാജരേഖ ചമച്ചതായി പോലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, കുറ്റക്കാരായ അന്നത്തെ പാറശാല സിഐ ഗോപകുമാര്‍, എസ്‌ഐ ഡി ബിജുകുമാര്‍ എന്നിവര്‍ക്കും മറ്റു മൂന്നു പോലിസുകാര്‍ക്കുമെതിരേ അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പിന്നീടാണ് 2017 ജൂണ്‍ 9ന് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തരവിറക്കി ആറുമാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും തുടങ്ങാത്തത് കുറ്റക്കാരായ പ്രതികളുടെ ഉന്നത ഇടപെടല്‍ മൂലമാണെന്നാണ് വ്യക്തമാക്കുന്നത്. പ്രഥമദൃഷ്്ട്യാ കൊലപാതകമാണെന്നു തെളിഞ്ഞിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ 763 ദിവസമായി സമരം തുടരുന്നത്. കഴിഞ്ഞ 34 ദിവസമായി നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഇതുവരെയും സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും ശ്രീജിത്തിനെ സന്ദര്‍ശിക്കാത്തത് ആശങ്കാജനകമാണ്. രണ്ടു മക്കളില്‍ ഒരാളെ നഷ്ടപ്പെട്ട അമ്മയ്ക്ക് ശ്രീജിത്തും കൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്നും അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, എസ് സജീവ് പഴകുളം, സെയ്തലി സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top