കുറ്റകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മാധ്യമ ഇടപെടല്‍ തുടരണം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

തൊടുപുഴ: മാധ്യമങ്ങള്‍ നിരന്തരം ഇടപെടുന്നതുകൊണ്ടാണ് പല കുറ്റങ്ങളും തെളിയിക്കപ്പെടുന്നതെന്നും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ശക്തമായി മാധ്യമങ്ങള്‍ തുടരണമെന്നും പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഇടുക്കി പ്രസ്‌ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ്‌ക്ലബില്‍ നടത്തിയ ബാലാവകാശ നിയമങ്ങളും മാധ്യമങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കുമ്പോഴും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും തന്നെ അതിന് പുറത്ത് മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും നന്മ ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം വിലക്കുന്നത് കൊണ്ട് ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയല്ല പകരം സര്‍ഗാത്മ ഉടപെടല്‍ നടത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. നിയമത്തിന് ഒരു മാനുഷിക വശമുണ്ട്. അതു മനസ്സിലാക്കിവേണം നിയമം നടപ്പാക്കേണ്ടത്. നിയമം മൂലം മാധ്യമങ്ങള്‍ക്ക് ഒന്നും നിഷേധിക്കരുത്. പകരം മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്.
അതിനവരെ സഹായിക്കുന്നതാകണം നിയമത്തിലെ നിരോധനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ജുവനൈല്‍ ആക്ടിന് കൂടുതല്‍ പ്രചാരം നല്‍കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റും ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റുമായ ജോമോന്‍ ജോണ്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്, പി ജെ ആന്റണി, പിആര്‍ഒ ആര്‍ വേണുഗോപാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍, വി എ ഷംനാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം എന്‍ സുരേഷ് സംസാരിച്ചു.

RELATED STORIES

Share it
Top