കുറുവാ ദ്വീപില്‍ നിയന്ത്രണം തുടരുമെന്നു സൂചന

മാനന്തവാടി: കുറുവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സിപിഐയും വനംവകുപ്പും മുന്‍ നിലപാട് തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്ന നിര്‍ദേശം നടപ്പാവില്ലെന്നു സൂചന. ഈ മാസം മൂന്നിന് മാനന്തവാടി ഫോറസ്റ്റ് ഐബിയില്‍ എംഎല്‍എമാരായ ഒ ആര്‍ കേളു, സി കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ എസ് സുഹാസ്, നോര്‍ത്തേണ്‍ റീജ്യന്‍ സിസിഎഫ് ശ്രാവണ്‍ കുമാര്‍ വര്‍മ, ഹെഡ്ക്വാര്‍ട്ടര്‍ ഡിസിഎഫ് സി രവീന്ദ്രനാഥ്, ജില്ലയിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കുറുവാ ദ്വീപിലെ ജീവനക്കാരുടെ പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍, ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തിരുന്നു.
സംഭവം വകുപ്പ് മന്ത്രിയുടെ ശ്രാദ്ധയില്‍പ്പെടുത്തി. ഈ മാസം ഇരുപതോടെ രണ്ടു പ്രവേശന കവാടത്തിലൂടെ 2000 ആളുകളെ പ്രവേശിപ്പിക്കാന്‍ ധാരണയായി യോഗം പിരിഞ്ഞു. ഈ മാസം 5ന് ടൂറിസവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രത്യേക അജണ്ടയായി കുറുവാ വിഷയം ഉള്‍പ്പെടുത്തി പ്രശ്‌നപരിഹാരമുണ്ടാക്കി നിയന്ത്രണം സംബന്ധിച്ച് 6 മാസത്തെ പഠനത്തിന് ശേഷം പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ തീരുമാനമെടുക്കാനുമായിരുന്നു നിശ്ചയിച്ചത്.
എന്നാല്‍, മാനന്തവാടിയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സ് പോലും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കാത്തതിനാല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അജണ്ടയില്‍ കുറുവാ വിഷയം ഉള്‍പ്പെടുകയോ ഇതു സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കുറുവാ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് കര്‍ശന നിയന്ത്രണങ്ങളോടെ ദ്വീപ് വിനോദസഞ്ചാരികള്‍ക്കായി തുറന്നത്.
നിലവില്‍ 400 പേര്‍ക്ക് മാത്രമാണ് പ്രവേശനം. നേരത്തെ മുതല്‍ തന്നെ സിപിഐയും പോഷക ഘടകങ്ങളും നിയന്ത്രണത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലും തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരായി സിപിഎം നടത്തുന്ന നീക്കങ്ങളെ വകുപ്പ് തലത്തില്‍ തന്നെ പ്രതിരോധിക്കുകയാണ് സിപിഐ. ഇതിനിടെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ മാര്‍ച്ച് 31ഓടെ കേന്ദ്രം അടയ്ക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

RELATED STORIES

Share it
Top