കുറുവാദ്വീപ് വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട് സിപിഎം

മാനന്തവാടി: കുറുവാദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ സിപിഎം നടത്തിവന്ന ശ്രമങ്ങള്‍ പരാജയം. സിപിഐയുടെയും വനംവകുപ്പിന്റെയും ഉറച്ച തീരുമാനത്തിനു മുന്നില്‍ സിപിഎം നടത്തിയ സമരകോലാഹലങ്ങളും വെല്ലുവിളികളും ഫലം കാണാതെ പോയി.
കുറുവാദ്വീപില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. ദ്വീപിലെ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംമ്പര്‍ 20ന് ഡിവൈഎഫ്‌ഐ പയ്യംപള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഡിഎഫ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരഹാര സമരം ആരംഭിച്ചിരുന്നു.
കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍, നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് 21ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ആയിട്ടില്ല. വിശേഷ ദിവസങ്ങളിലും മറ്റും നിരവധി വിനോദസഞ്ചാരികളാണ് ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയാതെ നിരാശയോടെ മടങ്ങുന്നത്. നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഡിഎഫ് ഓഫിസ് മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രക്ഷോഭങ്ങളും പ്രസ്താവനകളും നടത്തിയ കുറുവാ സംരക്ഷണ സമിതിയും ഇപ്പോള്‍ മൗനത്തിലാണ്. 9.30 മുതലാണ് ദ്വീപില്‍ ഇപ്പോള്‍ പ്രവേശനം. അതും 200 പേര്‍ക്കു മാത്രം.
ഇതിനായി രാവിലെ ഏഴുമുതല്‍ സഞ്ചാരികള്‍ ടോക്കണ്‍ എടുക്കാനായി ക്യു നില്‍ക്കുകയാണ്. പത്തരയോടെ സഞ്ചാരികള്‍ കുറുവയിലേക്ക് പ്രവേശിച്ച് കഴിയും. പിന്നെ എത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങുകയാണ്. വനംവകുപ്പ് ഭരിക്കുന്ന സിപിഐയും സിപിഎമ്മും തമ്മില്‍ ഉണ്ടാക്കിയ ധാരണയില്‍, മുമ്പ് പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കാമെന്നും നിയന്ത്രണം നീക്കം ചെയ്യാമെന്നും തീരുമാനിച്ചിരുന്നെങ്കിലും എല്‍ഡിഎഫ് കണ്‍വീനറുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഈ തീരുമാനവും നടപ്പായില്ല.
എന്തായാലും ഭരണകക്ഷിയിലെ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള പടലപ്പിണക്കം കാരണം നിരവധി വിനോദസഞ്ചാരികള്‍ ദുരിതമനുഭവിക്കുന്നതൊടൊപ്പം സര്‍ക്കാരിലേക്ക് ലഭിക്കേണ്ട വരുമാനത്തില്‍ ഗണ്യമായ കുറവ് വരികയും ചെയ്തു. ദ്വീപിനെ മാത്രം ആശ്രയയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരുടെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്.

RELATED STORIES

Share it
Top