കുറുവാദ്വീപില്‍ പ്രവേശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

മാനന്തവാടി: കുറുവാദ്വീപില്‍ പ്രവേശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ദ്വീപ് സംരക്ഷണത്തിനു വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400 ആയി നിയന്ത്രിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പാല്‍വെളിച്ചം ഭാഗത്തുള്ള കുറുവാ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ സംവിധാനം വ്യാപകമായി ചിലര്‍ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് സഞ്ചാരികള്‍ക്കു ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലേതെങ്കിലും രേഖ നിര്‍ബന്ധമാക്കിയതെന്നു കുറുവ ഡിഎംസി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
ടോക്കണ്‍ എടുക്കുന്ന സമയത്ത് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കയുള്ളൂ. 2017 ഡിസംബര്‍ 16 മുതലാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തി ദ്വീപ് തുറന്നുകൊടുത്തത്. പാക്കം ചെറിയമല ഭാഗത്ത് വനംവകുപ്പിന്റെ കീഴിലുള്ള വിഎസ്എസും പാല്‍വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ കീഴിലുള്ള കുറുവ ഡിഎംസിയുമാണ് സന്ദര്‍ശകരെ ദ്വീപില്‍ പ്രവേശിപ്പിക്കുന്നത്.
രണ്ടു ഭാഗത്തും കൂടി 400 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. വനസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രവേശനം ലഭിക്കുന്ന സഞ്ചാരികള്‍ക്ക് കുറുവാ ദ്വീപിന്റെ പച്ചപ്പ് മനംനിറഞ്ഞ് കാണുവാന്‍ കഴിയും. നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് ദ്വീപ് നാശത്തിന്റെ വക്കിലെത്തിയിരുന്നു.
ഈ സീസണില്‍ കാട്ടാനശല്യം കരാണം ഒരു ദിവസം മാത്രമാണ് സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനത്തിന് തടസ്സം നേരിട്ടത്. മുന്‍വര്‍ഷങ്ങളില്‍ ദ്വീപിലെ കാട്ടാനകളെ തുരുത്തിയതിനു ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചത്. നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിച്ച വര്‍ഷങ്ങളില്‍ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിരുന്നു. ഏഷ്യയിലെ മനുഷ്യവാസമില്ലത്ത ഏക ശുദ്ധജലദ്വീപാണ് കുറുവ. ദ്വീപിന്റെ സംരക്ഷണത്തിന് വനം വകുപ്പ് നിരവധി പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

RELATED STORIES

Share it
Top