കുറുവാദ്വീപിലെ വിനോദസഞ്ചാരം അവസാനിപ്പിക്കണമെന്ന് ആവശ്യം

മാനന്തവാടി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ കുറുവാ വനത്തില്‍ ഇക്കോ ടൂറിസത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതി നിര്‍ത്തലാക്കാന്‍ ഉത്തരവുണ്ടാവണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പയ്യംപള്ളി സ്വദേശികളും കര്‍ഷകരുമായ കെ എം ശശിധരന്‍, കുടിലിങ്കല്‍ ബേബി സക്കറിയ എന്നിവരാണ് തങ്ങളുടെ കൃഷിയിടങ്ങള്‍ക്കും ജീവനും സംരക്ഷണമുറപ്പിക്കുന്നതിനായി കുറുവയിലെ ടൂറിസം നിര്‍ത്താന്‍ ഉത്തരവുണ്ടാവണമെന്നാവശ്യപ്പെട്ട് ഈ മാസം നാലിന് അഭിഭാഷകര്‍ മുഖേന റിട്ട് പെറ്റീഷന്‍ (സിവില്‍) സമര്‍പ്പിച്ചത്. പാല്‍വെളിച്ചം വഴി ഡിടിപിസി പ്രവേശനം നല്‍കുന്ന വിനോദസഞ്ചാര നടപടിക്കെതിരേയാണ് ഹരജിയില്‍ പ്രധാനമായും ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. കുറുവയില്‍ നടത്തിവരുന്ന അനിയന്ത്രിതമായ വിനോദസഞ്ചാരം 950 ഏക്കറോളം വരുന്ന ജൈവവൈവിധ്യമാര്‍ന്ന വനമേഖലയുടെ നാശത്തിനിടയാക്കുന്നെന്നും കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് അനിയന്ത്രിതമായി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും ഇവര്‍ ഹരജിയില്‍ പറയുന്നു. പാല്‍വെളിച്ചം ഭാഗത്തുനിന്നു വനത്തിലേക്ക് പ്രവേശനം നല്‍കുന്ന ഡിടിപിസിയുടെ പ്രവര്‍ത്തനം കാരണം കാട്ടാനകളുടെ സൈ്വരവിഹാരത്തിന് തടസ്സമാവുന്നതായും ഇതു കാരണം തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2004 മുതല്‍ വനംവകുപ്പ് കബനിനദിയോട് ചേര്‍ന്ന പയ്യംപള്ളി ഭാഗത്ത് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ഡിടിപിസിക്ക് അനുമതി നല്‍കിയതോടെ ടിക്കറ്റ് കൗണ്ടര്‍, ലോഡ്ജിങ് ഏരിയ, പുഴയോട് ചേര്‍ന്നു സഞ്ചാരികളെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ തുടങ്ങിയവ നിര്‍മിക്കുകയുണ്ടായി. വനംവകുപ്പ് സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ക്കു വിരുദ്ധമായാണ് ഇവിടെ നടന്ന പ്രവൃത്തികള്‍. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ നിര്‍മിച്ചതോടെ മുത്തങ്ങ, ബന്ദിപ്പൂര്‍, ബ്രഹ്മഗിരി, നാഗര്‍ഹോള, കൊട്ടിയൂര്‍ വനമേഖലയിലൂടെയുള്ള കാട്ടാനകളുടെ പരമ്പരാഗത ആനത്താരയ്ക്ക് തടസ്സമാവുകയും ഇതു കാരണം പ്രദേശത്തെ കൃഷിക്കും മനുഷ്യജീവനും കാട്ടാനകള്‍ ഭീഷണിയായി മാറിയതായും ഹരജിക്കാര്‍ ആരോപിക്കുന്നു. 24 മനുഷ്യജീവന്‍ കാട്ടാന ആക്രമണത്തിലൂടെ പൊലിഞ്ഞാതായും 40 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നുവെന്നും ഹരജിയിലുണ്ട്. വനമേഖലയ്ക്കു താങ്ങാന്‍ കഴിയുന്ന വിനേദസഞ്ചാരികളുടെ എണ്ണത്തെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി അതു പ്രയോഗവല്‍ക്കരിക്കണം. അതുവരെയും ടൂറിസം നിര്‍ത്തിവയ്ക്കാനാവശ്യപ്പെടണമെന്നാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top