കുറുവയില്‍ സന്ദര്‍ശകാനുമതി 1050 പേര്‍ക്കായി ഉയര്‍ത്തി

മാനന്തവാടി: കുറുവാ ദ്വീപില്‍ സന്ദര്‍ശകാനുമതി 950 പേരില്‍ നിന്നും 1050 പേരെയാക്കി ഉയര്‍ത്തിക്കൊണ്ട് തീരുമാനമായി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വനംവകുപ്പ് ഉന്നതതല യോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് വനംവന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു ഐഎഎസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സന്ദര്‍ശക ബാഹുല്യത്തിന്റെ പശ്ചാത്തലത്തില്‍ മഴക്കാലത്ത് കുറുവ അടച്ചിടുന്നത് വരെ താല്‍ക്കാലികമായിട്ടാണ് സന്ദര്‍ശക വര്‍ധനവ് അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ സന്ദര്‍കര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ സന്ദര്‍ശകാനുമതി ഉയര്‍ത്തണമെന്നുള്ള ജില്ലാ കലക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകാനുമതി 950 എന്നത് 1050 ആക്കി ഉയര്‍ത്തിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം പുറപ്പെടുവിച്ചത്.
നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരെ വെട്ടിച്ചുരുക്കിയത്. എന്നാല്‍ കുറുവയുടെ ‘ക്യാരിയിങ് കപ്പാസിറ്റിയുമായി ബന്ധപ്പെട്ട് വിശദമായി ശാസ്ത്രീയ പഠന റിപോര്‍ട്ട് അടുത്തുതന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കും. അതിനനുസരിച്ച് ഭാവിയില്‍ സന്ദര്‍ശകരുടെ അനുമതിയെ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.  മണ്‍സൂണിന് കുറുവാ ദ്വീപ് അടച്ചിടുന്നതുവരെയാണ് ദിനംപ്രതി 1050 പേര്‍ക്ക് പ്രവേശനം നല്‍കാനാനുള്ള താല്‍ക്കാലിക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

RELATED STORIES

Share it
Top