കുറുപ്പന്തറയില്‍ വീട്ടിലും വാലാച്ചിറ സര്‍ക്കാര്‍ സീഡ് ഫാമിലും കറുത്ത സ്റ്റിക്കര്‍

കടുത്തുരുത്തി: കുറുപ്പന്തറയില്‍ വീട്ടിലും വാലാച്ചിറ സര്‍ക്കാര്‍ സീഡ് ഫാമിലും ജനല്‍ ചില്ലുകളിലും കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തി. പോലിസിന്റെ അന്വേഷണത്തില്‍ ഇവ കെട്ടിടങ്ങളുടെ നിര്‍മാണ സമയത്ത് തന്നെ പതിച്ചവയാണെന്നു കണ്ടെത്തി. കുറുപ്പന്തറ പാറവാംകുന്നേല്‍ ഷാജിയുടെ വീടിന്റെ ജനല്‍ ചില്ലിലും വാലാച്ചിറയിലെ സര്‍ക്കാര്‍ സീഡ്ഫാമിന്റെ ജനല്‍ ചില്ലിലുമാണ് കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വീട്ടുടമ ഷാജിയും സീഡ്ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറും കടുത്തുരുത്തി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ പി തോംസണ്‍ രണ്ടിടത്തും എത്തി നടത്തിയ പരിശോധനയിലാണ് സ്റ്റിക്കറുകള്‍ കെട്ടിടം പണിത സമയത്ത് തന്നെ ഉള്ളവയാണെന്നു കണ്ടെത്തിയത്. ഗ്ലാസുകള്‍ കൊണ്ടുവരുമ്പോള്‍ പൊട്ടാതിരിക്കാന്‍ ഇടയില്‍ പതിക്കുന്നവയാണ് ഇവിടെ കണ്ടെത്തിയ സ്റ്റിക്കറുകളെന്ന് പോലിസ് പറഞ്ഞു. കണ്ടെത്തിയ സ്റ്റിക്കറുകള്‍ ഗ്ലാസുകള്‍ വില്‍ക്കുമ്പോള്‍ അവയില്‍ പതിക്കുന്നതാണെന്നു ഇവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ എത്തി പരിശോധിച്ചു ഉറപ്പു വരുത്തിയതായും കെ പി തോംസണ്‍ പറഞ്ഞു. സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം സര്‍ക്കാര്‍ സീഡ് ഫാമില്‍ സ്റ്റിക്കര്‍ കണ്ടെത്തിയ വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഫാമില്‍ സന്ദര്‍ശനം നടത്തി.

RELATED STORIES

Share it
Top