കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും സംയുക്ത പരിശോധന

സ്വന്തം  പ്രതിനിധി
തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും സംയുക്ത പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വനം, റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ രാത്രി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തില്‍ വനം, റവന്യൂ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന നടത്തുക. ഉദ്യാന പ്രദേശത്തെ പട്ടയങ്ങളുടെ സാധുത പരിശോധിക്കാനാണ് വീണ്ടും പരിശോധന നടത്തുന്നത്.
മന്ത്രിമാര്‍ വ്യത്യസ്ത റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനമെടുത്തത്. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. പട്ടയമുള്ള കര്‍ഷകരെ ഉദ്യാനത്തില്‍ നിന്ന് ഒഴിപ്പിക്കേണ്ട എന്നതാണ് പൊതുതീരുമാനം.
ഇനി നടക്കുന്ന സംയുക്ത പരിശോധനയുടെ റിപോര്‍ട്ടു കൂടി ലഭിച്ചശേഷം വീണ്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാവും ഉദ്യാനത്തിന്റെ വിസ്തീര്‍ണം അടക്കമുള്ളവയില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. അതേസമയം, കുറിഞ്ഞി സങ്കേതത്തിന് നിലവില്‍ 2902 ഹെക്ടര്‍ വിസ്തൃതി മാത്രമേയുള്ളൂവെന്ന് റവന്യൂമന്ത്രി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക വിജ്ഞാപനത്തില്‍ 3200 ഹെക്ടര്‍ പ്രദേശമാണ് കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിരുന്നത്. റവന്യൂമന്ത്രിയുടെ റിപോര്‍ട്ട് പ്രകാരം 298 ഹെക്ടറിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറിഞ്ഞി സങ്കേതത്തില്‍ ജനവാസ മേഖലയും കൃഷിഭൂമിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
ഇവയ്ക്ക് ഭൂമി അനുവദിക്കുന്നതോടെ വിസ്തൃതി ഇനിയും കുറയും. വനംമന്ത്രി കെ രാജു നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കാന്‍ നിയോഗിച്ച സംഘത്തിലുണ്ടായിരുന്ന മന്ത്രി എം എം മണി റിപോര്‍ട്ട് നല്‍കിയിട്ടില്ല.

RELATED STORIES

Share it
Top