കുറിക്കണ്ണന്‍ കാട്ടുപുള്ളിനെ എങ്ങനെ നേരിടാം?

ഗ്രീന്‍ നോട്‌സ്  - ജിഎ ജി  അജയമോഹന്‍

ചീരകൃഷി വളരെ എളുപ്പമാണെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും കുറച്ച് ക്ഷമയൊക്കെ ആവശ്യമുള്ള കാര്യമാണെന്നാണ് അനുഭവം. വിത്തുവിതയ്ക്കുന്നതു മുതല്‍ മുറിച്ചെടുക്കുന്നതു വരെ കര്‍ഷകന്‍ ശരിക്കും യുദ്ധം തന്നെ ചെയ്യേണ്ടിവരും. വിതച്ച് മണിക്കൂറുകള്‍ക്കകം വിത്ത് അടിച്ചുമാറ്റാനെത്തും ഉറുമ്പുകള്‍. മുളച്ചു കഴിഞ്ഞാല്‍ നനയാണു പ്രശ്‌നം. ഒരല്‍പം വെള്ളം അധികമായാല്‍ തൈകളെല്ലാം മറിഞ്ഞുവീഴും. ഇതിനിടയിലൊരു കുമിള്‍ബാധയുണ്ട്്. അതുകൂടിയായാല്‍ ഒരൊറ്റ തൈ ചീരയായിക്കിട്ടില്ല. ഈ വക ബാലാരിഷ്ടതകളൊക്കെ തരണം ചെയ്ത് തൈകള്‍ വലുതാവുന്നതോടെ തുള്ളന്‍മാരും നീരൂറ്റിക്കുടിക്കുന്ന പ്രാണികളുമെത്തി ജോലി തുടങ്ങും.ഈ വക വെല്ലുവിളികളൊക്കെ നേരിടാന്‍ ഉറച്ചുതന്നെയാണ് ഇത്തവണയും വിത്തിട്ടതെങ്കിലും പുതിയൊരു പ്രശ്‌നമാണ് ഇക്കുറി നേരിട്ടത്്. മുളച്ചു തുടങ്ങിയ ചീരത്തൈകള്‍ക്കിടയില്‍ ആരോ മണ്ണിളക്കി മറിച്ചിടുന്നതായി കാണുന്നു. വലിയ കുഴികളൊന്നുമല്ലെങ്കിലും കുറച്ച് ചീരത്തൈകള്‍ എന്നും പറിഞ്ഞു കിടക്കുന്നുണ്ടാവും. നനവുള്ള സ്ഥലത്തു നിന്ന് ഏതോ ജീവി മണ്ണിരകളെ പിടിച്ചുകൊണ്ടുപോയതാണ് എന്നു മനസ്സിലായി. എന്നാല്‍ ആര്? വലിയ നാശനഷ്ടമൊന്നുമില്ലെങ്കിലും ആരാണ് ഈ പണി ചെയ്യുന്നത്് എന്നറിയാന്‍ ആകാംക്ഷയേറി.യാദൃച്ഛികമായാണ് കക്ഷിയെ കണ്ടെത്തിയത്. സന്ധ്യക്ക്്, ഇരുള്‍ വീഴുന്നതിനു തൊട്ടുമുമ്പ് ചീരത്തടത്തില്‍ ഒരനക്കം കണ്ടപ്പോള്‍ എലിയോ തവളയോ ആണെന്നാണ് ആദ്യം കരുതിയത്്. രണ്ടിലൊന്നറിയാമെന്നു കരുതി ചീരത്തടത്തിനടുത്തെത്തിയപ്പോള്‍ കണ്ടു, നേരത്തേ സംശയിച്ചവരാരുമല്ല, ഒരു കൊച്ചു പക്ഷി. തലയ്ക്കും വയറുഭാഗത്തിനും ഓറഞ്ച് നിറം. ചാരനിറത്തോടുകൂടിയ മുകള്‍ഭാഗം. വെള്ളനിറമുള്ള കവിള്‍ത്തടത്തില്‍ കറുത്ത വരകള്‍ മങ്ങിയ വെളിച്ചത്തിലും കാണാനാവുന്നുണ്ട്്. കുറച്ചുകൂടി അടുത്തേക്കു നീങ്ങിയെങ്കിലും പക്ഷി വലിയ പേടിയൊന്നും കാണിക്കുന്നില്ല. ധൃതിയില്‍ കൊക്കുകൊണ്ട് മണ്ണില്‍ കുത്തി ഇരപിടിച്ചു തിന്നുകയാണ്.പക്ഷിനിരീക്ഷണത്തില്‍ വലിയ വൈദഗ്ധ്യമൊന്നുമില്ലാത്തവര്‍ക്കുപോലും ഇന്നത്തെ കാലത്ത്് ഒരു പക്ഷിയെ തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. മൊബൈല്‍ ഫോണില്‍ ആപ്പ് വരെയുണ്ട്. ലക്ഷണം പറഞ്ഞുകൊടുത്താല്‍ കിളിയേതെന്നു 'കിളിപോലെ' പറഞ്ഞുതരും. ഇതിനു പുറമേ ഇന്റര്‍നെറ്റും വിക്കിപീഡിയയും ഫേസ്ബുക്കും വാട്‌സ്ആപ്പ്് ഗ്രൂപ്പുകളുമൊക്കെ സഹായിക്കും. കിട്ടിയ ലക്ഷണങ്ങളൊക്കെ വച്ച്് പക്ഷിവിവരണ പുസ്തകങ്ങളിലും ഇന്റര്‍നെറ്റിലും പരതി സ്ഥിരീകരിച്ചു- കുറിക്കണ്ണന്‍ കാട്ടുപുള്ള്! അത്ര അപൂര്‍വമൊന്നുമല്ല നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. എന്നാല്‍, പെട്ടെന്നങ്ങനെ കണ്ണില്‍പ്പെടാത്ത പ്രകൃതമാണ്. കണ്ടതില്‍ സന്തോഷം. മഴമാറി എല്ലായിടത്തും മണ്ണുറച്ചുതുടങ്ങിയപ്പോള്‍ മണ്ണിരകള്‍ ചീരത്തടത്തില്‍ മാത്രമായി. അതോടൊപ്പം ഇഷ്ടംപോലെ ചെറുകീടങ്ങളും. ചീരവിത്ത് വിതയ്ക്കുമ്പോള്‍ ഉറുമ്പിനെ അകറ്റാന്‍ ചിലര്‍ ചിതല്‍പ്പൊടി തൂവാറുണ്ട്. അത്തരം പാതകങ്ങളൊന്നും ചെയ്യാത്തതിനാല്‍ നല്ല ശുദ്ധമായ മണ്ണിരകളാണ് പറമ്പിലുള്ളത്. നൂറുശതമാനം ജൈവം. പാവം കിളി, പിടിച്ചുതിന്നോട്ടെ എന്നു കരുതി. എങ്കിലും ഇത്ര മനോഹരിയായ ഒരു കുഞ്ഞിക്കിളിയാണ് ചീരത്തൈകള്‍ നശിപ്പിക്കുന്നതെന്നു പ്രതീക്ഷിച്ചതേയില്ല. അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി ചീര നടാമായിരുന്നു. ചാണകമൊക്കെ മണ്ണില്‍ ചേര്‍ത്ത്്, നന്നായി നനച്ച്് മണ്ണിരകളെ വളര്‍ത്തിയെടുക്കാമായിരുന്നു. ബെന്‍സ് കാറിടിച്ചു പരിക്കേറ്റു എന്നൊക്കെ പറയുന്നതുപോലൊരു ഗമയൊക്കെയില്ലേ കുറിക്കണ്ണന്‍ കാട്ടുപുള്ള് വന്ന്് ചീരകൃഷി നശിപ്പിച്ചെന്നു കേള്‍ക്കുമ്പോള്‍?ഇതു വായിച്ച്് ചീരകൃഷിയുടെ പ്രധാന ശത്രുവാണ് കുറിക്കണ്ണന്‍ കാട്ടുപുള്ള് എന്ന് ആരെങ്കിലും ധരിച്ചുവശാകുമെന്നു പേടിയുണ്ട്. കാലം അതാണ്. ചീരത്തടത്തിലെ ഇത്തിരി നനവു തേടിയെത്തി, ദര്‍ശനം നല്‍കി അനുഗ്രഹിച്ച അതിസുന്ദരിയായ ഈ കൊച്ചു പക്ഷിക്ക് ആരും അത്തരത്തില്‍ ഭീകരപ്പട്ടം നല്‍കരുതെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച ശ്രദ്ധയില്‍പ്പെട്ട ഒരു പത്രവാര്‍ത്തയാണ് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്്. കോഴിക്കോട്ടെ ഒരു പ്രദേശത്ത് ഒരു പക്ഷി കൂട്ടമായെത്തി കുരുമുളകും കാപ്പിക്കുരുവുമൊക്കെ നശിപ്പിക്കുന്നുവെന്നാണു വാര്‍ത്ത. പക്ഷിയുടെ പടം കൊടുത്തിട്ടുണ്ടെങ്കിലും പേര് പറഞ്ഞിട്ടില്ല. തലയില്‍ കൊമ്പുപോലെ തൂവലുകളൊക്കെയായി മരംകൊത്തിയെപ്പോലൊരു പക്ഷി. നേരിട്ടു കണ്ടിട്ടില്ലെങ്കിലും കേരളത്തിലെ പലര്‍ക്കും അറിയാവുന്നയാളാണു കക്ഷി. ഉപ്പൂപ്പന്‍,  ചെമ്പോത്ത്് എന്നൊക്കെ വിളിക്കപ്പെടുന്ന ചകോരപ്പക്ഷിയല്ലിത്്. ഇത് ഉപ്പനല്ല, ഉപ്പൂപ്പനാണ്. ഇവന്‍ ഇത്രയ്ക്ക്് പ്രശ്‌നക്കാരനാണോ? ഈ രംഗത്തെ പലരോടും വിഷയത്തില്‍ അഭിപ്രായം ചോദിച്ചു. കൂട്ടമായി കാണപ്പെടാത്ത, പ്രധാനമായും പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്ന, അപൂര്‍വമായി മാത്രം ചെറുപഴങ്ങളും വിത്തുകളുമൊക്കെ ഭക്ഷിക്കുന്ന ഒരു പക്ഷിയാണിത് എന്നാണു വ്യക്തമായത്്. ഇത്തരമൊരു ചെറുകിളിയെക്കുറിച്ചാണ് കാപ്പിക്കുരുവും കുരുമുളകുമൊക്കെ ഭക്ഷിച്ച് കര്‍ഷകര്‍ക്ക് തലവേദനയാവുന്നു എന്നൊക്കെ പത്രവാര്‍ത്ത വരുന്നത്.എന്തുചെയ്യാന്‍? ഇവിടെയുമുണ്ട് കുറേ കുരുമുളക്. പറിക്കാന്‍പോലും ആരുമില്ലാതെ പഴുത്ത് വീണുപോവുന്നു. ഇവിടേക്കൊന്നും ഒരു ഉപ്പൂപ്പനെയും കാണുന്നില്ല. കുറച്ച് കാപ്പി കൂടി നട്ടുനോക്കിയാലോ എന്നാണ് ആലോചിക്കുന്നത്. അതോടൊപ്പം കുറച്ചു തക്കാളി കൂടി കൃഷിചെയ്യണമെന്നുണ്ട്. കേരളത്തില്‍ തക്കാളിവില കൂടുന്നത് തമിഴ്‌നാട്ടിലെ കൃഷിയിടത്തില്‍ മയിലുകള്‍ കൂട്ടമായെത്തി വിളഞ്ഞ തക്കാളിപ്പഴങ്ങള്‍ തിന്നുതീര്‍ക്കുന്നതുകൊണ്ടാണെന്ന് കുറച്ചു നാള്‍ മുമ്പു വന്ന വാര്‍ത്ത മനസ്സില്‍ കിടക്കുന്നതുകൊണ്ടുള്ള ആഗ്രഹമാണ്.

RELATED STORIES

Share it
Top