കുരുന്നുകളുടെ മനം കവര്‍ന്ന് സ്‌കൂള്‍ വിപണി സജീവംകൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: അധ്യയന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക് തുടങ്ങി. മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പല സ്‌കൂളുകളിലും പുതിയ അഡ്മിഷന്‍ ആരംഭിച്ചു. ആദ്യമായി സ്‌കൂളിലേക്ക് പോവുന്നതിന്റെ ഭയം മാറ്റാന്‍ കടകളിലേക്ക് കൊണ്ടുവന്ന് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ താല്‍പര്യപ്പെടുന്നുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശനംനേടിയ കുട്ടികള്‍ക്ക് വര്‍ണ്ണ കുടകളും ടോയ്‌സുള്ള ബാഗുകളോടുമാണ് പ്രിയമെന്ന് അരീക്കോട് ചോയ്‌സ് ഫാന്‍സി ഉടമ എം റഹിസ് പറഞ്ഞു. ബാഗുകളുടെ വലിയ ശേഖരവുമായി ഡ്രീംവേള്‍ഡും കുട്ടികള്‍ക്കായി വിപണി തുറന്നിരിക്കുന്നു. അധ്യയനം തുടങ്ങുന്നതിനു മുമ്പേ പുസ്തകങ്ങള്‍ വാങ്ങി വയ്ക്കാനാണ് രക്ഷിതാക്കള്‍ക്ക് താല്‍പര്യം. ആരംഭത്തില്‍ വില കുറവില്‍ ലഭ്യമാവുമെന്നതാണ് കാരണം. പല കടകളും സ്‌കൂള്‍ സീസണില്‍ വിലകുറച്ച്  വില്‍പന സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് സ്ഥിരം കസ്റ്റമറെ ലഭിക്കാന്‍ മാത്രമാണന്നത് കച്ചവട തന്ത്രമാണ്. വലിയ നോട്ടുപുസ്തകങ്ങളോടാണ് കുട്ടികള്‍ക്ക് പ്രിയം. പതിനെട്ടു രൂപ മുതല്‍ മുപ്പത് രൂപ വരെയുള്ള നോട്ടുബുക്കുകളാണ് കൂടുതല്‍ വിറ്റഴിയുന്നത്. ഇഷ്ടതാരങ്ങള്‍ മുതല്‍ വിവിധ നിറങ്ങളിലുള്ള പുറംചട്ടകളാല്‍ ആകര്‍ഷകമാക്കിയ പുസ്തകങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്റ് ഏറെയാണ്. നാനോ കുടകളോടാണ് മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രിയം. ബാഗില്‍ ഒതുക്കിവയ്ക്കാന്‍ കഴിയുമെന്ന സൗകര്യമാണിതിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സ്‌കൂള്‍ സീസണ്‍ വിപണനത്തിന്റെ ആഘാഷമാക്കി മാറ്റാന്‍ കച്ചവടക്കാര്‍ മല്‍സരിക്കുകയാണ്. കസ്റ്റമറെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകളും നല്‍കുന്നു. എല്‍പി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍, ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, ടിഫിന്‍ ബോക്‌സ് ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറിലേറെ രൂപയാവും. പല കടകളും നിര്‍ധനരായ കുട്ടികള്‍ക്ക് നോട്ട് ബുക്കുകളും ബാഗും സൗജന്യമായി നല്‍കാറുണ്ട്.

RELATED STORIES

Share it
Top