കുരുക്കൊഴിയാതെ വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വഴി തൃശ്ശൂരിലേക്ക് യാത്ര പോവാതിരിക്കുന്നതാവും നല്ലത്. അത്രമാത്രം ദുസ്സഹവും ദുരിതപൂര്‍ണവുമാണ് ദേശീയപാത വഴിയുള്ള യാത്ര. കുതിരാനില്‍ ടാറിങ് പ്രത്തി നടക്കുന്നതിനാലും സ്വതവേയുള്ള കുരുക്കും കാരണം വാഹനം കുതിരാന്‍ തുരങ്ക മുഖത്തിന് ഇരുപുറവും രണ്ടും മൂന്നും മണിക്കൂറാണ് കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂറാണ് ഇരു ദിശയിലേക്കും പോകാന്‍ കഴിയാതെ വാഹനങ്ങള്‍ കുരുക്കിലായത്. ടാറിങ് നടത്തുന്നതും, വാഹനങ്ങളുടെ തള്ളിക്കയറ്റവുമാണ് യാത്രക്കാരുടെ ക്ഷമപരീക്ഷിക്കുന്നത്.
മഴ കനത്താല്‍ ടാറിങ് പ്രവൃത്തി നിലയ്ക്കും. തകര്‍ന്നു കിടക്കുന്ന കുതിരാനിലെ ദേശീയപാതയുടെ അറ്റകുറ്റപണികള്‍ തുടരുകയാണ്. മന്ദഗതിയിലാണ് ടാറിങ് നടക്കുന്നത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി കൊമ്പഴ മുതല്‍ വഴക്കുംപാറ വരെയാണ് ആദ്യം ടാറിങ് ആരംഭിച്ചിരിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും പകുതിയോളമേ ആയിട്ടുള്ളൂ. കുതിരാന്‍ ക്ഷേത്രത്തിന് സമീപമാണ് ഇപ്പോള്‍ നിര്‍മാണ ജോലികള്‍ നടന്നുവരുന്നത്.
ദേശീയപാത അതോറിറ്റിയുടെ ചാലക്കുടിയിലുള്ള പ്ലാന്റില്‍ നിന്നാണ് ടാര്‍ മിക്‌സിംഗ് കൊണ്ട് വരുന്നത് എന്നതിനാലാണ് ടാറിങ് ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. നാല് ലോറികളാണ് മിക്‌സിങ് കൊണ്ട് വരാന്‍ ഉപയോഗിക്കുന്നത്.
ഒരു തവണ രണ്ട് പ്രാവശ്യം മാത്രമേ മിക്‌സിംഗുമായി ലോറികള്‍ക്ക് എത്താന്‍ കഴിയുകയുള്ളൂ. ഈ നില തുടര്‍ന്നാല്‍ വഴുക്കുംപാറയില്‍ എത്താന്‍ നാല് ദിവസമെങ്കിലും എടുക്കും. കുതിരാനിലെ ടാറിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ദേശീയപാതയിലെ മറ്റ് പ്രദേശങ്ങളിലെ അറ്റകുറ്റപ്രവൃത്തി നടക്കുകയുള്ളൂ.
ദേശീയപാത കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ഇരുമ്പ് പാലത്ത് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹ സമരം തുടരുകയാണ്.

RELATED STORIES

Share it
Top