കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകം: സൂസെപാക്യം

തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എം സുസെപാക്യം. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണ്. അത് അന്വേഷിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. കുരിശു തകര്‍ന്നത് മിന്നലേറ്റാണെന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ കഴിയില്ല. 'കുരിശിന്റെ വഴിയേ' തടയുന്നതിനായി നൂറുകണക്കിന് പോലിസുകാരെയാണ് നിര്‍ത്തിയത്. അതിനാല്‍ സര്‍ക്കാര്‍ കരുതിക്കൂട്ടി ഇറങ്ങിയതാണെന്ന് വ്യക്തമാണെന്നും അക്രമത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്നാണ് കരുതുന്നത്. സര്‍ക്കാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വാക്കാല്‍ നല്‍കിയ ഉറപ്പുപ്രകാരമാണ് കഴിഞ്ഞദിവസം വിശ്വാസികള്‍ കുരിശുസ്ഥാപിക്കാന്‍ പോയതെന്നാണ് മനസിലാക്കുന്നത്. സമാധാനപരമായി നല്ല ഉദ്ദേശത്തോടെയാണ് വിശ്വാസികള്‍ ബോണക്കാട്ട് തീര്‍ഥാടനത്തിന് പോയത്. അക്രമം ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആയിരുന്നു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ശരിയായ പ്രവണതയല്ലെന്നും സര്‍ക്കാര്‍ അക്കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സര്‍ക്കാരിന്റെ അധീനതയിലുള്ള വിശേഷപ്പെട്ട പല സ്ഥലങ്ങളിലും ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും മുസ്‌ലിംങ്ങളുമെല്ലാം പരമ്പരാഗതമായി തീര്‍ഥാടനം നടത്താറുണ്ട്. ബോണക്കാട് കൂടുതല്‍ കുരിശ് നിര്‍മിച്ച് ആരേയും പ്രകോപിപ്പിക്കില്ല. പരമ്പരാഗതമായി കുരിശുണ്ടായിരുന്ന സ്ഥലത്തു കുരിശ് സ്ഥാപിച്ചു സര്‍ക്കാരിന്റെ അറിവോടു കൂടി തന്നെ ആരാധന നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ചില സാമൂഹികവിരുദ്ധരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. കുരിശ് തകര്‍ക്കാന്‍ ഉത്തരവാദപ്പെട്ട ചിലരും കൂട്ടുനിന്നതായി സംശയിക്കുന്നു. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാവരേയും നിയന്ത്രിക്കാം. കുരിശ് തകര്‍ത്ത സ്ഥലത്ത് 10 അടി നീളമുള്ള കുരിശ് പുനസ്ഥാപിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആരാധന നടത്താന്‍ അനുവദിക്കമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂസെപാക്യം വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.

RELATED STORIES

Share it
Top