കുരിശടിയില്‍ തട്ടി ചെങ്ങന്നൂരില്‍ പണി ഇഴയുന്നുചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കെഎസ്ടിപി അധികൃതര്‍ വലയുന്നു.നവീകരണം നടക്കുന്ന എംസി റോഡിലെ ഏറ്റവും നീളംകൂടിയ കല്ലിശ്ശേരി പാലം പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡില്‍ സ്ഥിതി ചെയ്യുന്ന കുരിശടി പൊളിച്ചുമാറ്റാന്‍ സര്‍ക്കാരില്‍ നിന്നും ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഇതോടെ ശരവേഗത്തില്‍ നടന്നിരുന്ന റോഡുപണി മന്ദഗതിയിലായി. പാലത്തിന്റെ വടക്കുഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി കഴിയുന്നതോടെ ഇവിടുത്തെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ഇടുങ്ങിയ പാലത്തിലെ കാത്തുനില്‍പ്പിന് വിരാമമാകും. പഴയ കുപ്പിക്കഴുത്ത് പാലത്തിനു സമാന്തരമായി പമ്പാ നദിക്കു കുറുകെ നിര്‍മ്മിച്ച പുതിയ പാലത്തില്‍ കൈവരികളും ക്രാഷ് ബാരിയറും നിര്‍മ്മിച്ചു. പുതിയ പാലത്തിന് 118 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുളളത്. ഇരുവശത്തും 50 സെന്റീമീറ്റര്‍ വീതമാണ് നടപ്പാത.ചെങ്ങന്നൂര്‍ മുതല്‍ കല്ലിശ്ശേരി പുതിയ പാലം വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള എം സി റോഡി ല്‍  293.58 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2015 ലാണ് തുടക്കം കുറിച്ചത്. 45 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ 36 മാസമായിരുന്നു കാലാവധി. കരാര്‍ പ്രകാരം നവംബര്‍ 25നാണ് കാലാവധി അവസാനിക്കുന്നത്.  അടുത്തമാസത്തോടെ ടാറിങ് പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ്  ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായുള്ള തീവ്രശ്രമത്തിലാണ് കെഎസ്ടിപി അധികൃതര്‍. കല്ലിശ്ശേരി    പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കേണ്ട സ്ഥലത്തെ കുരിശടി പൊളിച്ചു നീക്കിയാല്‍ അനുവദിച്ച സമയത്തിന് മുന്‍പുതന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top