കുരങ്ങുകളെ പിടികൂടി വനത്തില്‍ വിടുന്നതില്‍ കാര്യമില്ലെന്ന് ഡിഎഫ്ഒ

കല്‍പ്പറ്റ: നാട്ടില്‍ വിഹരിക്കുന്ന കുരങ്ങുകളെ പിടികൂടി വനത്തില്‍ വിടുന്നതുകൊണ്ട് പ്രത്യേക ഫലമില്ലെന്നു സൗത്ത് വയനാട് ഡിഎഫ്ഒ. ഡിവിഷനിലെ കല്‍പ്പറ്റ റേഞ്ചില്‍ സുഗന്ധഗിരി സെക്ഷന്‍ പരിധിയില്‍ വരുന്ന തരിയോട് പ്രദേശത്തെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഡിഎഫ്ഒയുടെ ഈ വാദം. തരിയോട്ടെ പൊതുപ്രവര്‍ത്തകന്‍ കൊടുമലയില്‍ ജോസ് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഡിഎഫ്ഒ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജനവാസകേന്ദ്രങ്ങളിലെ കുരങ്ങുകള്‍ വനത്തില്‍ ജീവിക്കുന്നവയല്ല. ജനങ്ങളും സഞ്ചാരികളും നല്‍കുന്നതും ഉപേക്ഷിക്കുന്നതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹരിച്ച് ജീവിക്കുന്നതാണ് നാട്ടിന്‍പുറങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നഗരങ്ങളിലുമുള്ള കുരങ്ങുകള്‍. കൂടുവച്ച് പിടിച്ച് കാട്ടില്‍ വിട്ടാല്‍ ഇവ കൂട്ടത്തോടെ അടുത്തുള്ള ജനവാസകേന്ദ്രത്തില്‍ എത്തുന്ന സാഹചര്യമാണുള്ളത്. മുമ്പ് കല്‍പ്പറ്റ നഗരത്തില്‍നിന്നു കുരങ്ങുകളെ പിടികൂടി വനത്തില്‍ വിട്ടിരുന്നു. ഇവ വൈകാതെ സമീപത്തെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുകയാണുണ്ടായത്. പിടികൂടുന്ന കുരങ്ങുകളെ വനത്തില്‍ വിടാന്‍ പരിസരവാസികള്‍ അനുവദിക്കാത്ത സ്ഥിതിയാണ്. പിടികുടുന്ന കുരങ്ങുകളുടെ പുനരധിവാസം സംബന്ധിച്ച് അധികാരികള്‍ ഉചിതമായ തീരുമാനത്തിലെത്തേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തരിയോട് മേഖലയിലെ വന്യജീവിശല്യം പരിഹരിക്കുന്നതിനും സ്വീകരിച്ചതും നടപ്പാക്കേണ്ടതുമായ നടപടികള്‍ സംബന്ധിച്ചും സത്യവാങ്മൂലത്തിലുണ്ട്. ആന, പന്നി, കുരങ്ങ് എന്നിവയാണ് തരിയോട് മേഖലയില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങള്‍. തരിയോട് ഭാഗം കാട്ടാനകളുടെ സുസ്ഥിര ആവാസവ്യവസ്ഥയല്ല, സഞ്ചാരപഥം മാത്രമാണ്. നാട്ടിലിറങ്ങുന്ന ആനകളെ വനത്തിലേക്കു തുരത്താന്‍ വനം ജീവനക്കാരും നാട്ടുകാരും എറെ ബുദ്ധിമുട്ടുന്നുണ്ട്. വന്യജീവികള്‍ മൂലമുള്ള കാര്‍ഷിക നഷ്ടങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയില്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. 2007ല്‍ കാട്ടാനയുടെ ചവിട്ടേറ്റ് പരിക്കേറ്റ വേങ്ങാചോട്ടില്‍ സാബുവിന്റെ ചികില്‍സയ്ക്ക് 75,000 രൂപ അനുവദിച്ചു. നിലവിലുള്ള മാനദണ്ഡമനുസരിച്ച് വന്യമൃഗങ്ങളില്‍നിന്നു പരിക്കേല്‍ക്കുന്ന വ്യക്തിക്ക് നല്‍കാവുന്ന പരമാവധി തുകയാണ് ഇത്. വന്യജീവിശല്യം തടയുന്നതിന് തരിയോട് പ്രദേശത്ത് 10 കിലോമീറ്റര്‍ സൗരോര്‍ജ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണി കാലാകാലങ്ങളില്‍ നടത്തിവരുന്നതാണ്. ആനശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ സ്ഥിരം വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. വന്യജിവി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതിയും ഫണ്ടും ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി നടത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

RELATED STORIES

Share it
Top