കുമ്മിള്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കടയ്ക്കല്‍: കുമ്മിള്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി.
പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഒരു സ്ഥിര സംവിധാനവും ഒരുക്കിയിട്ടില്ല. ചിതറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പള്ളിമുക്ക് മുതല്‍ കുമ്മിള്‍ സംബ്രമം വരെയും മൂക്കുന്നം  തൊളിക്കുഴി വരെയും ആകെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പ് ലൈന്‍ ഉള്ളത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകളിലൂടെ ആഴ്ചയില്‍ ഒരുദിവസമാണ് വെള്ളം എത്തുന്നത്.
കാലപ്പഴക്കം കാരണം പൈപ്പുകള്‍ പൊട്ടി വെള്ളം എത്താതിരിക്കുന്നത് സ്ഥിരം സംഭവമാണ്.കുമ്മിള്‍ മുതല്‍ സംബ്രമം വരെയുള്ള പൈപ്പ് ലൈനില്‍ ഒരാഴ്ച മാത്രമാണ് വെള്ളം കിട്ടിയത്. പൈപ്പ് ലൈനില്‍ ഒരു സ്ഥലം പൊട്ടിയതാണ് കാരണം. പൊട്ടിയ ഭാഗം ശരിയാക്കണമെന്ന് പരാതിപ്പെട്ടപ്പോള്‍ കുമ്മിള്‍ നിന്ന് സംബ്രമത്തേക്കുള്ള ലൈന്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണെന്നും പരാതിയുണ്ട്.
ലക്ഷങ്ങള്‍ ചെലവഴിച്ച് പൈപ്പ് ലൈന്‍ വലിച്ചിട്ടും അല്‍പ്പ ഭാഗം പൊട്ടിയതിന്റെ പേരില്‍ കുടിവെള്ള വിതരണം മുടങ്ങിയതിനെതിരേ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി യിലും പഞ്ചായത്തിലും തുടര്‍ച്ചയായി പരാതിപ്പെടുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
പൈപ്പ് ലൈനുകള്‍ ദുരിഭാഗം പ്രദേശത്തേക്കും എത്തിച്ചേര്‍ന്നിട്ടില്ല. കോളനി പ്രദേശങ്ങള്‍ കൂടുതലായി ഉള്‍പ്പെടുന്ന ഈ പഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കുന്നതിന് കുഴല്‍ കിണറുകള്‍ പോലെ ഒരു സംവിധാനവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വേനലില്‍ സന്നദ്ധ സംഘടനകളാണ് സൗജന്യമായി ഇവിടങ്ങില്‍ ഇടക്കെങ്കിലും കുടിവെള്ളമെത്തിച്ചത്.കുടിവെള്ള ക്ഷാമം ആരംഭിച്ചതോടെ പഞ്ചായത്തില്‍ കുടിവെള്ള വിതരണ മാഫിയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top